സ്വന്തം ലേഖകൻ
കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു സോളാർ കേസ് പ്രതി സരിതാ നായർക്കു മുഖ്യമന്ത്രിയുടെ ഒാഫീസുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ കോളിളക്കമുണ്ടായ അതേ സാഹചര്യമാണ് സ്വപ്ന സുരേഷിന്റെ കഥകൾ പുറത്തുവരുന്പോൾ ഉണ്ടായിരിക്കുന്നത്.
അന്നു മാധ്യമങ്ങളിലെ പ്രധാന താരം സരിതയായിരുന്നു. മണിക്കൂറുകൾ നീളുന്ന ഇന്റർവ്യൂ, ലൈവ് കവറേജ്, ചർച്ചകൾ, സമരങ്ങൾ, ട്രോളുകൾ എന്നിങ്ങനെ എല്ലായിടത്തും സരിത ചർച്ചകൾ പൊടിപൊടിച്ചു.
ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറഞ്ഞ് ഭരണപക്ഷം വിയർത്തു. ഏതാണ്ട് സമാന സാഹചര്യം ഇപ്പോൾ സ്വപ്ന സുരേഷ് എന്ന സ്വർണക്കടത്ത് കേസ് പിണറായി സർക്കാരിനും സമ്മാനിച്ചിരിക്കുന്നു.
സരിതയുടെ ഫോൺ വിളികൾ അന്നത്തെ പ്രതിപക്ഷം കൊണ്ടാടിയെങ്കിൽ ഇന്നു സ്വപ്നയുടെ ഫോൺ വിളികൾ ഇന്നത്തെ പ്രതിപക്ഷത്തിന് ആയുധമായിരിക്കുന്നു.
സ്വർണക്കടത്തും സ്വപ്ന സുരേഷുമൊക്കെ വാർത്തകളിൽ കത്തിപ്പടരുന്പോഴും അന്നത്തെ വിവാദനായിക സരിത നായർ മൗനം പാലിച്ചിരിക്കുകയാണ്.
അതേസമയം, സരിതാ നായരെ ഈ വിവാദത്തിലും ആയുധമാക്കി സോഷ്യൽ മീഡിയയിൽ സൈബർ പോരാളികളും രംഗത്തുണ്ട്. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സരിത നായർ രാഷ്ട്രദീപികയോടു പ്രതികരിച്ചതിങ്ങനെ:
ഇത് എനിക്ക് അറിയാത്ത കാര്യങ്ങളാണ്. പിന്നെ ഞാൻ എന്തു പ്രതികരിക്കാൻ. സ്വര്ണക്കടത്തിനെക്കുറിച്ചോ അതിലെ പ്രതികളെക്കുറിച്ചോ ഈ സംഭവം ഉണ്ടായ ശേഷം ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല.
എന്നെ ബാധിക്കാത്ത വിഷയത്തിൽ ഞാൻ എന്തിനു സംസാരിക്കണം?.. ഈ വിഷയങ്ങളിലേക്കു ചിലരൊക്കെ എന്റെ പേരും വലിച്ചിഴയ്ക്കുകയാണ്. സോഷ്യൽ മീഡിയയിലൊക്കെ ചിലർ പറയുന്നതു കണ്ടു. ഇവരൊക്കെ എന്നെ ഈ വിവാദത്തിലേക്കു കൊണ്ടുവരുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്.
സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിക്കുന്നവർ എന്തും പറയട്ടെ, അതിനു മറുപടിയില്ല. പിന്നെ, ഇതിനുമുന്‍പും ഇതിലും മ്ലേച്ഛമായ രീതിയിൽ എന്നെ അപമാനിച്ചപ്പോൾ ആർക്കും വിഷമമില്ലായിരുന്നു. അന്നൊന്നും കാണാത്ത സഹതാപവും വേദനയും ഇന്നു ഞാൻ ആരിൽനിന്നും പ്രതീക്ഷിക്കുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവര്‍ക്കു വേറെ പണിയില്ല. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ എനിക്കു സാധിക്കില്ല. അവരൊക്കെ ഫേസ്ബുക്കില്‍ എന്തും എഴുതട്ടെ.
എനിക്കു തടസം നില്‍ക്കാനൊന്നും സമയമില്ല. അവര്‍ ട്രോള്‍ ഉണ്ടാക്കുകയോ കുത്തിക്കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്തോട്ടെ. ഇപ്പോൾ ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. എനിക്കു എന്റെ സ്വന്തം കാര്യമുണ്ട്. കില്ലപ്പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും. അതിനെ കല്ലെറിയാനോ പ്രതികരിക്കാനോ ഞാന്‍ ഏതായാലും ഇല്ല – സരിത പറഞ്ഞുനിര്‍ത്തി.