തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരത്തുനിന്നും കോഴിക്കോട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയുടെ അറസ്റ്റ് വാറന്റിനെ തുടർന്നാണ് നടപടി.
കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട് ജുഡീഷൽ മജിസ്ട്രേറ്റ് സരിതയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
സോളാര്‍ പാനല്‍ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത രണ്ടാം പ്രതിയും ഇവരുടെ സഹായി മണിമോൻ മൂന്നാം പ്രതിയുമാണ്.
കേസിൽ ജാമ്യം റദ്ദാക്കിയ കോടതി, സരിതയ്ക്കും ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.
2012ല്‍ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, അസുഖം കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് എന്നാണ് സരിതയുടെയും ബിജുവിന്റെയും വിശദീകരണം.