തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിയിലായ സരിത്ത് വ്യാജ സീലുകൾ നിർമിക്കാൻ യന്ത്രം വാങ്ങിയതായി കടയുടമയുടെ വെളിപ്പെടുത്തൽ.
യുഎഇ കോൺസുലേറ്റിന്റെ വ്യാജസീൽ ഉണ്ടാക്കാനാണ് സരിത്ത് യന്ത്രം വാങ്ങിയത്. പ്രിന്റിംഗ് സ്ഥാപനം നടത്താൻ വേണ്ടി എന്ന വ്യാജേനയാണ് സരിത്ത് സീൽ പ്രിന്റിംഗ് മെഷീൻ വാങ്ങിയതെന്നാണ് തിരുവനന്തപുരത്തുള്ള കടയുടമ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
മെഷീൻ ഉപയോഗിച്ച് സരിത്ത് നിരവധി സീലുകൾ നിർമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ലാപ്ടോപ്പിൽ കോൺസുലേറ്റിന്റെ ലെറ്റർ പാഡുകളും തയ്യാറാക്കി.
ഈ ലെറ്റർ പാഡുകളിൽ നിരവധി കത്തുകളുടെ പ്രിന്റ് എടുത്തതായി തിരുവനന്തപുരത്തെ ഒരു കന്പ്യൂട്ടർ സ്ഥാപന ഉടമയും മൊഴി നൽകിയിട്ടുണ്ട്. മെഷീൻ വാങ്ങിയതും പകർപ്പുകളെടുത്തതും ഒരു കൊല്ലം മുന്പാണ്.
പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം.
ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനും റവന്യൂ വകുപ്പിനും കസ്റ്റംസ് കത്ത് നൽകി. ഇവരുടെ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. അതേ സമയം ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റംസ് ഇന്നു ചോദ്യം ചെയ്യുമെന്ന് അറിയുന്നു.