ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയചിത്രമാണ് ദേവദാസ്. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്-ഐശ്വര്യ റായ് ജോഡികള്‍ ഒന്നിച്ചെത്തിയ ദേവദാസിന്റെ 19-ാം വാര്‍ഷികം അടുത്ത കാലത്ത് നടന്നു.
2002-ല്‍ ഇറങ്ങിയ ദേവദാസിന്റെ ബജറ്റ് 50 കോടി ആയിരുന്നു. അതുവരെ ബോളിവുഡില്‍ പിറവി കൊണ്ട ചിത്രങ്ങളെ വച്ചു നോക്കുമ്പോള്‍ ഏറ്റവും പണച്ചെലവേറിയ ചിത്രവും ദേവദാസ് ആയിരുന്നു.
വലിയ ക്യാന്‍വാസിലും വലിയ ബജറ്റിലും ഒരുക്കിയ ചിത്രത്തിലെ കോസ്റ്റ്യൂമുകളും ഏറെ രാജകീയമായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന താരമായിരുന്ന മാധുരി ദീക്ഷിത് അണിഞ്ഞ ഓരോ വസ്ത്രവും 15 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്നവയായിരുന്നു.
ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്ലയും ചേര്‍ന്നാണ് മാധുരിയുടെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.
വില കൊണ്ടു മാത്രമല്ല, ഭാരം കൊണ്ടും അമ്പരപ്പിക്കുന്നവയായിരുന്നു ചിത്രത്തില്‍ മാധുരി ധരിച്ച വസ്ത്രങ്ങള്‍.
കാഹെ ചേഡ് ചേഡ് മൊഹെ… എന്ന ഗാനത്തില്‍ മാധുരി ധരിച്ച ഗാഗ്ര ചോളിക്ക് 30 കിലോഗ്രാമിന് അടുത്ത് ഭാരമുണ്ടായിരുന്നു. അതണിഞ്ഞ് നൃത്തം ചെയ്യുക എന്നത് മാധുരിയെ സംബന്ധിച്ച് തികച്ചും വെല്ലുവിളിയായിരുന്നു.
തുടര്‍ന്ന് ഭാരം കുറഞ്ഞ മറ്റൊരു കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ മാധുരിയ്ക്കായി രൂപകല്‍പ്പന ചെയ്തു. അതും ഏകദേശം 16 കിലോഗ്രാമോളം ഭാരമുള്ളതായിരുന്നു.
മാധുരി ചിത്രത്തില്‍ ധരിച്ച മറ്റൊരു വസ്ത്രത്തിന് പത്തു കിലോയോളമായിരുന്നു ഭാരം. നെയ്ത്തുതൊഴിലാളികള്‍ രണ്ട് മാസമെടുത്താണ് ഈ വസ്ത്രങ്ങള്‍ തയാറാക്കിയത്.
ദേവദാസില്‍ ഐശ്വര്യയ്ക്കായി 600 സാരികളാണ് കല്‍ക്കട്ടയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമായി ഡിസൈനര്‍ നീത ലുല്ലയും സംവിധാകന് സഞ്ജയ് ലീല ബന്‍സാലിയും വാങ്ങിയത്.
വ്യത്യസ്തമായ സാരികള്‍ മിക്സ് ചെയ്ത് ഐശ്വര്യയുടെ കഥാപാത്രത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു ഡിസൈനര്‍ നീത ലുല്ല.
വ്യത്യസ്ത സ്റ്റൈലിലായിരുന്നു ഈ സാരികള്‍ ഐശ്വര്യയെ അണിയിപ്പിച്ചതും. ഇതിനായി ഓരോ ദിവസവും മൂന്നു മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാധാരണ സാരികളുടെ നീളം ആറു മീറ്റര്‍ ആണെങ്കില്‍ ചിത്രത്തില്‍ ഐശ്വര്യ ഉപയോഗിച്ച സാരികള്‍ എട്ടു മുതല്‍ ഒമ്പതു മീറ്റര്‍ വരെ നീളമുള്ളതായിരുന്നു.