തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സോളാർ വിവാദ നായിക സരിത എസ്. നായരെ സാക്ഷിയാക്കാൻ പ്രത്യേക അന്വേഷണ സംഘം.
ഗൂഢാലോചനക്കേസിൽ മുഴുവൻ തെളിവുകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് നീക്കം.
ഇതിന്റെ ഭാഗമായി സരിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസുമായി ബന്ധപ്പെട്ട് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
സരിതയും സ്വപനയും ജയിലിൽവച്ചു കണ്ടു സംസാരിച്ചിരുന്നു. ജയിലിൽവച്ച് സ്വപ്ന തന്നോട് പല കാര്യങ്ങളും പറഞ്ഞിരുന്നു.
എന്നാൽ സ്വപ്നയുടെ കൈയിൽ ഇതുസംബന്ധിച്ച് തെളിവുകൾ ഒന്നുമുണ്ടായിരുന്നില്ല.- സരിത ക്രൈംബ്രാഞ്ചിന് മൊഴി നൽകി.
സ്വപ്നയ്ക്കുവേണ്ടി മുഖ്യമന്ത്രിക്കെതിരേ പറയാൻ മുൻ എംഎൽഎ പി.സി. ജോർജ് തന്റെമേൽ സമ്മർദം ചെലുത്തിയെന്നും എന്നാൽ സ്വപ്നയുടെ കൈയിൽ തെളിവൊന്നുമില്ലാത്തതു കൊണ്ടാണ് താൻ ഒന്നും പറയാതെ പിന്മാറിയതെന്നും സരിത അന്വേഷണ സംഘത്തിനു മൊഴി നൽകി.
ജോർജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്തുവച്ച് കൂടിക്കാഴ്ച നടത്തിയെന്നും സരിത അന്വേഷണ സംഘത്തിനു മൊഴി നൽകി.
താനും ജോർജുമായി ഇതുസംബന്ധിച്ചു നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും സരിത അന്വേഷണ സംഘത്തിനു കൈമാറി.
കഴിഞ്ഞ ദിവസം സരിതയുടെ മൊഴിയെടുത്ത അന്വേഷണ സംഘം ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു.