ചെന്നൈ: വിജയ് നായകനായ പുതിയ തമിഴ്ചിത്രം സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു താത്കാലിക ശമനം. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരേയുള്ള പരാമർശങ്ങൾ ചിത്രത്തിൽനിന്നു നീക്കാൻ സംവിധായകൻ എ.ആർ. മുരുകദോസ് തയാറായി. ചിത്രത്തിനെതിരേ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ രംഗത്തെത്തിയതോടെയാണ് രംഗങ്ങൾ മുറിച്ചുമാറ്റിയത്.
ഇതിനിടെ, മുരുകദോസിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം 27 വരെ മദ്രാസ് ഹൈക്കോടതി തടഞ്ഞു. മുരുകദോസിനെ അറസ്റ്റ് ചെയ്യുന്നതിനെതിരേ സംസ്ഥാനത്തു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
മുരുകദോസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റീസ് ജെ.കെ. ഇളന്തിരയൻ അധ്യക്ഷനായ ബെഞ്ചാണ് 27 വരെ അറസ്റ്റ് തടഞ്ഞത്. ദീപാവലിക്കു റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും വിവാദപരാമർശങ്ങൾ കൊണ്ട് വാർത്തയിൽ ഇടം പിടിച്ചു.
ചിത്രത്തിൽനിന്ന് വിവാദദൃശ്യങ്ങൾ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അണ്ണാ ഡിഎംകെ മന്ത്രിമാർ പറഞ്ഞതിനെത്തുടർന്നാണ് മുരുകദോസ് ഹൈക്കൊടതിയെ സമീപിച്ചത്. സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചശേഷമാണ് ചിത്രം റിലീസ് ചെയ്തതെന്നു മുരുകദോസ് കോടതിയിൽ പ റഞ്ഞു.