തമിഴ് സിനിമാസ്വദകരും പ്രത്യേകിച്ച് വിജയ് ആരാധകരും വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എ.ആര് മുരുഗദോസ്-വിജയ് കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമായ സര്‍ക്കാര്‍. സര്‍ക്കാര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിങിനിടയിലെ വിജയ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരിക്കല്‍ താങ്കള്‍ മുഖ്യന്ത്രി ആയാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് താരം നല്കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുഖ്യമന്ത്രിയായാല്‍ താന്‍ ‘അഭിനയിക്കില്ല’ എന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി ആയാല്‍ താങ്കള്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ച ആരാധകനോട് അത് അഴിമതി ആണെന്നായിരുന്നു വിജയ് പറഞ്ഞത്.
അഴിമതി മാറ്റുന്നത് അത്ര എളുപ്പമല്ലെന്നും കാരണം അത് മുഴുവന്‍ പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുകയാണെന്നും പക്ഷെ അഴിമതി തീരണമെന്നും വിജയ് പറഞ്ഞു. ആയിരക്കണക്കിന് പേര് തിങ്ങിനിറഞ്ഞ സദസ് കയ്യടിയോടെയാണ് ഇളയ ദളപതിയുടെ പ്രസംഗത്തെ ഏറ്റെടുത്തത്.
സര്‍ക്കാരില്‍ വിജയ് മുഖ്യമന്ത്രിയായാണ് അഭിനയിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ മുഖ്യമന്ത്രി ആയല്ല ചിത്രത്തില്‍ എത്തുന്നതെന്ന് താരം വ്യക്തമാക്കി. കീര്‍ത്തി സുരേഷാണ് സര്‍ക്കാരില്‍ വിജയിന്റെ നായികയാകുന്നത്.