പാലക്കാട് വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ സഹോദരിമാരെ മാസങ്ങളുടെ ഇടവേളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുണ്ടാകുമെന്ന് സൂചന. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത നാലുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സാഹചര്യങ്ങള്‍ കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതിനാലും രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായിട്ടുള്ളതിനാലുമാണ് ചോദ്യം ചെയ്യലില്‍ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയുള്ളത്. ഒന്നരമാസം മുമ്പ് മരിച്ച ആദ്യ പെണ്‍കുട്ടിക്കൊപ്പം രണ്ടാമത്തെ പെണ്‍കുട്ടിയും നിരവധിതവണ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയായിട്ടുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മൂത്ത പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസിന്റെ വീഴ്ചയ്ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. കൂട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന അമ്മയുടെ മൊഴി പോലീസ് കാര്യമായി എടുക്കാഞ്ഞതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്.
അതേസമയം, മരിച്ച കുട്ടികളുടെ ജീവിതത്തെപ്പറ്റി അയല്ക്കാര്ക്ക് യാതൊരു മതിപ്പുമില്ല. മാതാപിതാക്കള്‍ മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും അടിമയാണത്രേ. പലപ്പോഴും വീട്ടില്‍ കലഹം നടന്നിരുന്നുവെന്ന് അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അപരിചിതരായ ആളുകളും പലപ്പോള്‍ ഇവര്‍ക്കൊപ്പം മദ്യപിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യുന്നത് ഇഷ്ടമല്ലാത്തതിനാല്‍ തങ്ങള്‍ ഇവരുടെ കാര്യത്തില്‍ ഇടപെടാറില്ലെന്നാണ് അയല്‍ക്കാര്‍ രാഷ്ട്രദീപികയോട് പ്രതികരിച്ചത്. സഹോദരി ഹൃത്വിക മരിച്ചത് കണ്ട ശരണ്യയ്ക്ക് കൗണ്‍സലിംഗ് നല്‍കണമെന്ന നിര്‍ദേശവും മാതാപിതാക്കള്‍ അവഗണിച്ചു.
ഉന്നത പോലീസ് സംഘത്തെ തന്നെ കേസന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തൃശൂര്‍ റേഞ്ച് ഐജി എം.ആര്. അജിത്കുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം പോലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ, പാലക്കാട് എഎസ്പി ജി. പൂങ്കുഴലി, സിഐ സി. പ്രേമാനന്ദകൃഷ്ണന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ ഇവരുടെ ബന്ധുവടക്കം നാലുപേരെയാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച പെണ്‍കുട്ടികളുടെ ഇളയച്്ഛന്റെ മകനാണ് കസ്റ്റഡിയിലുള്ള ബന്ധു. പെണ്‍കുട്ടികളില്‍ മൂത്തകുട്ടിയെ ഇയാള്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് കുട്ടികളുടെ അമ്മതന്നെ പോലീസിനു മൊഴി നല്‍കിയിരുന്നു. മറ്റു മൂന്നുപേരില്‍ രണ്ടുപേര്‍ കല്ലാന്കാട് സ്വദേശികളും ഒരാള്‍ ചേര്‍ത്തല സ്വദേശിയുമാണ്.
പതിമൂന്നുകാരിയായ മൂത്തമകള്‍ ജനുവരി 13നും ഒമ്പതുകാരിയായ മകള്‍ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. ഇരുവരും ഒരേസ്ഥാനത്താണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളായിരുന്നു മൂത്തകുട്ടി. ഇളയ മകളും ഏഴുവയസുള്ള മകനും രണ്ടാം ഭര്‍ത്താവിന്റെ മക്കളാണ്. മൂത്തകുട്ടി മരിച്ച ദിവസം തുണികൊണ്ടു മുഖം മറച്ച രണ്ടുപേര്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടതായി ഇളയസഹോദരി മുമ്പ് പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതെല്ലാം കേസില്‍ നിര്‍ണായകമാകും. രണ്ടുകുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും പുതിയ അന്വേഷണത്തില്‍ വഴിത്തിരിവാകും. അതേസമയം അദ്യകേസിലെ പോലീസ് വീഴ്ചയ്ക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. വീട്ടുകാര്‍തന്നെ വിവരം നല്‍കിയിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. കൂടാതെ പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായെന്നും ആരോപണമുണ്ട്.