മുംബൈ: പ്രമുഖ ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാൻ (71) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായായിരുന്നു അന്ത്യം.
ശ്വാസതടസത്തെ തുടർന്ന് ജൂണ്‍ 20 ന് സരോജ് ഖാനെ ഗുരു നാനാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകുകയും ആശുപത്രിയിൽനിന്ന് മടങ്ങാൻ തയാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതത്തിൻറെ രൂപത്തിൽ മരണം എത്തിയത്.
നാല് പതിറ്റാണ്ട് കാലം രണ്ടായിരത്തിലധികം ഗാനങ്ങൾക്കാണ് സരോജ് ഖാൻ നൃത്തസംവിധാനം നിർവഹിച്ചത്. ഹവാ ഹവായി (മിസ്റ്റർ ഇന്ത്യ), ഏക് ദോ തീൻ (തേസാബ്), ധക് ധക് കർനേ (ബേട്ടാ), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകൾവെച്ച ’ഡോലാ രേ’(സിനിമ-ദേവദാസ്), കരീന കപൂർ അഭിനയിച്ച ’യേ ഇഷ്ക് ഹായേ’(സിനിമ-ജബ് വി മെറ്റ് ) തുടങ്ങിയ പ്രശ്തഗാനങ്ങൾക്ക് നൃത്തസംവിധാനം ചെയ്ത് സരോജ് ഖാൻ ആയിരുന്നു.
കരണ്‍ ജോഹർ സംവിധാനം ചെയ്ത കലങ്ക് സിനിമയിലെ ’തബാ ഹോ ഗയേ’ ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം. ബി. സോഹൻ ലാലാണ് സരോജിന്റെ ഭർത്താവ്. ഹമീദ് ഖാൻ, ഹിന ഖാൻ, സുകന്യ ഖാൻ എന്നിവരാണ് മക്കൾ.