പേരൂര്‍ക്കട: ഒറ്റമുറി വാടകവീട്ടില്‍ ദുരിതംപേറി കഴിഞ്ഞിരുന്ന വയോധികയ്ക്ക് ആശ്വാസം. കാഞ്ഞിരംപാറ കോളനി സ്വദേശിനി സരോജം (59) ആണ് പുതുജീവിതത്തിലേക്കു കടക്കുന്നത്.
ഭര്‍ത്താവ് മരിച്ചതോടെ ആരും അന്വേഷിക്കാനില്ലാത്ത അവസ്ഥയിലായ രോഗിയായ ഇവര്‍ പരിസരവാസികളുടെ കാരുണ്യത്തില്‍ കഴിയുന്ന വാര്‍ത്ത സെപ്റ്റംബര്‍ 27നു ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹികക്ഷേമവകുപ്പ് ഇടപെടുകയും സരോജത്തെ അവര്‍ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നന്മ ഫൗണ്ടേഷന് ഭാരവാഹിയും കാഞ്ഞിരംപാറ സ്വദേശിയുമായ പടയണി ഷാജി വയോധികയുടെ ചികിത്സയ്ക്കും മറ്റു ചെക്കപ്പുകള്‍ക്കും മുന്നിട്ടിറങ്ങുകയും തുടര്പരിശോധനകളെല്ലാം നടത്തുകയും ചെയ്തു.
ആരോഗ്യനില സാധാരണഗതിയിലാകുകയും കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ചെക്കപ്പുകള്‍ നടത്തി പൂര്‍ണാരോഗ്യം വീണ്ടെടുക്കുകയും ചെയ്തശേഷം സരോജത്തെ അടുത്ത ദിവസം തന്നെ സാമൂഹികക്ഷേമ വകുപ്പിന്റെ ഒരുവാതില്‍ക്കോട്ടയിലെ അഗതിമന്ദിരത്തില്‍ എത്തിക്കും.