പയ്യന്നൂര്‍: പയ്യന്നൂരിലെ സരോജിനി തോലാട്ടിന് ബ്രൂണെയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലെ മിന്നുന്ന പ്രകടനത്തിലൂടെ സ്വര്‍ണവും വെങ്കലവും. ഇതോടെ ജില്ലാ മാസ്റ്റേഴ്സ് മീറ്റ് മുതല്‍ സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യയുടേയും കേരളത്തിന്റെയും പ്രത്യേകിച്ച് പയ്യന്നൂരിന്റെയും അഭിമാനമായി മാറിയ സരോജിനി തോലാട്ടിന്റെ കിരീടത്തിൽ ഒരു പൊന്‍തൂവല്‍ കൂടിയായി.
ജയ്പൂരില്‍ നടന്ന ദേശീയ മീറ്റില്‍ രണ്ട് സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി സെലക്ഷന് കിട്ടിയതോടെയാണ് ഇത്തവണയും ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കുന്നതിന് കളമൊരുങ്ങിയത്. 2010ല്‍ കണ്ണൂര്‍ ജില്ലാ മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ് സരോജിനിയുടെ കായിക ലോകത്തെ കുതപ്പിന് കളമൊരുങ്ങിയത്.
പിന്നീട് ജപ്പാനിലെ കിതകാമി സ്റ്റേഡിയവും ചൈനയിലെ തായ്ത്തസിറ്റി സ്റ്റേഡിയവും റിവോള്‍വ് സ്റ്റേഡിയവും കീഴടക്കി നിരവധി മെഡലുകള്‍ നേടി രാജ്യത്തിന്റെ യശസുയര്‍ത്തി.അഞ്ച് കിലോ മീറ്റര്‍ നടത്തം, 400 മുതല്‍ 800 മീറ്റര്‍ വരെയുള്ള റിലേ,1000 മീറ്റര്‍ ഓട്ടം,2000 മീറ്റര്‍ സ്ട്രിപ്പിള് ചേസിസസ്, ലോംഗ് ജന്പ് എന്നിവയാണ് സരോജിനിക്ക് പ്രിയപ്പെട്ട ഇനങ്ങൾ.
മൂന്ന് കിലോ മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലുമാണ് സരോജിനി ലഭിച്ചത്. പരിശീലകനില്ലാതെ സ്വന്തം കഠിനാധ്വനത്തിലൂടെയാണ് സരോജിനി നേട്ടങ്ങൾ കൈപ്പിടിയിലാക്കിയത്. ലോട്ടറി ടിക്കറ്റ് വില്പനയാണ് ഉപജീവനമാര്‍ഗം. ഓരോ മത്സരങ്ങളും സരോജിനിക്ക് ഓരോ കടമ്പകളാണ്.
യാത്രക്കൂലിയും താമസ-ഭക്ഷണ-ഇന്ഷ്വറന്സുമടക്കമുള്ള ചെലവുകള്‍ മത്സരാര്‍ഥി കണ്ടെത്തണമെന്നതാണ് ഇതിന് കാരണം. പയ്യന്നൂര്‍ ജനാവലിയും പ്രവാസികളും സഹപാഠികളുമാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത്.
പരാധീനതകളുടെ നടുവിലും നാടിന്റെ അഭിമാനമായി മാറുമ്പോഴും സരോജിനിക്ക് താങ്ങേകാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകുന്നില്ലെന്നതാണ് ഖേദകരം.