സീമ മോഹൻലാൽ
തീപിടിത്തം ഉണ്ടായത് ഷോർട്ട് സർക്യൂട്ട് മൂലമാകാമെന്ന വിശ്വാസത്തിൽ ഇൻസ്പെക്ടർ ശിവകുമാർ കെഎസ്ഇബി ഉദ്യോഗസ്ഥരെ കൊണ്ടുവന്നു പരിശോധന നടത്തി അങ്ങനെയല്ലെന്നു കണ്ടെത്തി.
തുടർന്നു തീപിടിത്തത്തെക്കുറിച്ച് പഠിക്കാനായി ജില്ലാ ഫയർഫോഴ്സ് ഓഫീസറെ കൊണ്ടുവന്നു. അദ്ദേഹത്തിനും ആ മുറിയിലെ തീ പിടിത്തത്തിന്റെ രീതിയിൽ സംശയമുണ്ടായിരുന്നു.
പലരുടെയും മൊഴിയിൽ വൈരുധ്യവും തോന്നി. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ അസിസ്റ്റന്റ് ഫോറൻസിക് സർജൻ ഡോ. സന്തോഷ് ജോയിയെ സംഭവ സ്ഥലത്തു കൊണ്ടുവന്നു.
കട്ടിലിൽനിന്ന് വീണാൽതന്നെ വാരിയെല്ല് ഒടിയുന്നത് ഉൾപ്പെടെ മരണകാരണത്തിലേക്കുള്ള പരിക്ക് വരാൻ സാധ്യത കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം മൊഴി നൽകിയ പലരെയും വീണ്ടും ചോദ്യം ചെയ്തു.
ഡമ്മി പരീക്ഷണം
ചോദ്യം ചെയ്തവരുടെ കൂട്ടത്തിൽ സരോജിനിയുടെ ബന്ധുവും സഹായിയുമായ സുനിൽ കുമാറുമുണ്ടായിരുന്നു. കത്തിക്കൊണ്ടിരുന്ന മുറിയിൽ നിന്ന് വൃദ്ധയെ അടുത്ത മുറിയിൽ എത്തിച്ചത് താനായിരുന്നുവെന്നാണ് സുനിൽകുമാർ പോലീസിനോട് പറഞ്ഞത്.
ഇതു സത്യമാണോയെന്നു തിരിച്ചറിയാനുള്ള ശ്രമമായിരുന്നു ശിവകുമാർ പിന്നീട് നടത്തിയത്. ഇതിനായി ഡമ്മി പരീക്ഷണം നടത്തി.
തീ കത്തിപ്പിടിക്കുന്പോൾ ശരീരത്തിൽ ഏതൊക്കെ ഭാഗത്തു തീ പടരാമെന്നു കണ്ടെത്തുന്നതിനായിട്ടാണ് ഡമ്മി പരീക്ഷണത്തിലൂടെ ശ്രമിച്ചത്. അപ്പോഴും പൊരുത്തക്കേടായിരുന്നു ഫലം.
സരോജിനിയുടെ മരണത്തിൽ മറ്റുള്ളവരുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാൻ 1,000 പേരുടെ ഫോണ്‍ വിളിയുടെ വിവരങ്ങൾ (സിഡിആർ) ശേഖരിച്ചു.
സംഭവ ദിവസം രാത്രിയിൽ മുട്ടം പാലം ഭാഗത്തെ ടവർ ലൊക്കേഷനിലൂടെ (ടവർ ഡബ്) കടന്നുപോയ മുഴുവൻ കോളുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. എന്നാൽ അതിൽ സംശയകരമായ കോളുകളൊന്നും ഉണ്ടായില്ല.
സ്വർണവും പണവും നഷ്ടമായില്ല
മുറിയിൽ ഗ്യാസ് ലീക്ക് ചെയ്തതിന്റെ സാന്നിധ്യം ഉണ്ടായതിനാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ എൻജിനീയറെ കൊണ്ടുവന്നു ഗ്യാസ് പൊട്ടിത്തെറിച്ചതാണോയെന്ന് അറിയാനുള്ള പരിശോധന നടത്തി.
പരിശോധനയിൽ സിലിണ്ടറിന് തീപിടിച്ചിട്ടുണ്ടെങ്കിലും അത് പുറമേ നിന്നുണ്ടായ തീ മൂലമാണെന്ന് കണ്ടെത്തി. കൂടുതൽ സ്ഥിരീകരണത്തിനായി സരോജിനി ഒരു മാസത്തേക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ അളവ് പരിശോധിച്ചു.
പുതിയ സിലിണ്ടർ വച്ചത് ആ മാസം മൂന്നാം തീയതി ആയിരുന്നു. സംഭവദിവസം പുലർച്ചെ മുതൽ പോലീസ് വരുന്നതുവരെ ചോർച്ച ഉണ്ടായാൽ എത്ര അളവ് പാചകവാതകം ചോരാമെന്നുള്ള കണക്കെടുത്തു.
വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഗ്യാസ് ലീക്ക് ചെയ്തിട്ടുള്ളതെന്നു കണ്ടെത്തി. ഇതോടെ സരോജനിയുടേത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് ശിവകുമാറും സംഘവും എത്തി. എന്നാൽ അവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.
മൂന്നരക്കോടിയുടെ സ്വത്ത്
സരോജിനി താമസിച്ചിരുന്ന മൂന്നേക്കർ സ്ഥലത്ത് പരിശോധന നടത്താനായി 25 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. തുടർന്ന് സരോജിനിയുടെ വസ്തുവകകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമായിരുന്നു നടത്തിയത്.
ആ അന്വേഷണത്തിൽ നിർണായകമായ ഒരു വിവരം പോലീസിനു ലഭിച്ചു. മൂന്നര കോടി രൂപ വിലവരുന്ന ഇവരുടെ സ്വത്തുക്കൾ ഒരു വർഷം മുന്‍പ് ബന്ധുക്കളായ ഒന്‍പതു പേർക്കും കുറച്ച് സ്വത്ത് എസ്എൻഡിപിക്കും വിൽപത്രം എഴുതിവച്ചിരുന്നതായി കണ്ടെത്തി.
സരോജിനിയുടെ മരണശേഷം ഇത് വീതംവയ്ക്കാമെന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്. ഈ ബന്ധുക്കളിൽ ആർക്കെങ്കിലും സാന്പത്തിക ബുദ്ധിമുട്ട് ഉണ്ടോയെന്നാണ് പോലീസ് പിന്നീട് പരിശോധിച്ചത്.
ഒന്‍പതു പേരിൽനിന്ന് മൂന്നു പേരുടെ വിവരങ്ങൾ ശേഖരിച്ചു. ഇവരുടെ ഫോണ്‍കോൾ വിവരങ്ങളും ചലനങ്ങളും പോലീസ് രഹസ്യമായി നിരീക്ഷിച്ചു. അതിൽ ഒരാൾ സുനിൽകുമാർ ആയിരുന്നു.
അന്വേഷണം സുനിൽകുമാറിലേക്ക്
സുനിൽകുമാർ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പോലീസ് ഇയാളുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു. അതിൽ നിന്നും ഇയാൾ തൊടുപുഴയിലെ ഒരു കൗണ്‍സലറുടെ അടുത്ത് കൗണ്‍സലിംഗിനു പോയതായി കണ്ടെത്തി.
പോലീസ് സംഘം കൗണ്‍സലറെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. സംസാരത്തിൽ ഇയാൾക്ക് പരിഭ്രമം വല്ലതും ഉണ്ടോയെന്ന് അറിയാനായിരുന്നു ഇത്.
പിന്നീട് രണ്ടു തവണ സുനിൽകുമാർ കൗണ്‍സലിംഗിനായി എത്തിയപ്പോൾ കൗണ്‍സലർ ഇയാളിൽനിന്ന് വിദഗ്ധമായി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു.
എങ്കിലും അയാൾ പിടികൊടുത്തില്ല. പിന്നീട് അയാൾ അവിടേക്ക് എത്തിയില്ല. ഇതിനിടയിൽ പല തവണ സുനിൽകുമാറിനെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും പല കാര്യങ്ങളും പരസ്പരവിരുദ്ധമായി സംസാരിച്ചു.
ചിറ്റ ഷോർട് സർക്യൂട്ടുമൂലം മരിച്ചുവെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഗ്യാസ് പൊട്ടിത്തെറിച്ചുവെന്നാക്കി.
ഇയാളുടെ ഫോണ്‍ കോളുകൾ പരിശോധിച്ചതിൽ നിന്ന് ഒരു ഹൈക്കോടതി അഭിഭാഷകനെ ഇയാൾ സമീപിച്ചതായി കണ്ടെത്തി. പോലീസ് സംഘം അഭിഭാഷകനെ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചു.
പോലീസ് തന്നെ ചോദ്യം ചെയ്യുന്നുണ്ടെന്നും അതിനുള്ള മുൻ കരുതൽ എന്താണെന്നും അറിയാനായിരുന്നു സുനിൽകുമാർ അഭിഭാഷകന്റെ അടുത്ത് എത്തിയത്.
അതിനുശേഷം സുനിൽകുമാറിനെ സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഇയാൾ തലയടിച്ച് ബോധരഹിതനായി നിലത്തുവീണു.
ഇതേത്തുടർന്ന് പോലീസ് ചെലവിൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. പിന്നീട് മൂന്നാഴ്ചത്തേക്ക് ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചില്ല. എന്നാൽ ഇയാളുടെ ഓരോ നീക്കവും പോലീസ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
(തുടരും)
മുട്ടത്തെ ഞെട്ടിച്ച കൊലപാതകം! അവിടെ കണ്ടത് തുറന്നു കിടക്കുന്ന മുറിയിൽ കാണുന്ന രീതിയിലുള്ള തീപിടിത്തമായിരുന്നില്ല…
തീപിടിത്തം ഉണ്ടായത് ഷോർട്ട് സർക്യൂട്ട് മൂലമോ? സുനിൽകുമാർ പറഞ്ഞത് സത്യമോ ? പിന്നെ ഡമ്മി പരീക്ഷണം…