സീമ മോഹൻലാൽ
കുറച്ചു ദിവസങ്ങൾക്കുശേഷം പോലീസ് സംഘം സുനിൽകുമാറിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തി.
ഇൻസ്പെക്ടർ ശിവകുമാർ ഇയാളെ ചോദ്യം ചെയ്യുന്പോൾ അയാൾ അറിയാതെ ആ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.
പിന്നീട് ആ വീഡിയോ പരിശോധിച്ചപ്പോൾ ചോദ്യങ്ങൾക്കു മുന്നിൽ ഇയാൾ പതറുന്നതും നന്നായി വിയർക്കുന്നതും പോലീസ് ശ്രദ്ധിച്ചു.
അന്നു നടത്തിയ പരിശോധനയിൽ പോലീസിന് നിർണായകമായ ഒരു രേഖ ലഭിച്ചു. അഞ്ചുവർഷം മുന്പ് സരോജിനിയുടെ സ്വത്തുക്കളെ കുറിച്ചറിയാൻ ഇയാൾ മുട്ടം രജിസ്ട്രാർക്ക് കൊടുത്ത വിവരാവകാശ രേഖയുടെ കോപ്പിയായിരുന്നു അത്.
അതോടെ മുട്ടം സബ് രജിസ്ട്രാർ ഓഫീസിലെത്തിയ പോലീസ് സംഘം സുനിൽകുമാർ നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ ശേഖരിച്ചു.
ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. വസ്തുവകകൾ കൈക്കലാക്കാൻ സുനിൽകുമാർ നടത്തിയ കൊലപാതകമാകാം ഇതെന്നു പോലീസിനു ബോധ്യമായി.
പ്രതിയെ സംശയത്തിന്റെ നിഴലിൽ നിർത്താതെയുള്ള അന്വേഷണവുമായി ശിവകുമാർ മുന്നോട്ടു നീങ്ങി.
ബന്ധുക്കളും സമീപവാസികളുമുൾപ്പെടെ 67 പേരെ ചോദ്യം ചെയ്തു. അപ്പോഴും സുനിൽകുമാർ നിരപരാധിയെന്ന രീതിയിൽ പോലീസിനു മുന്നിൽനിന്നു.
വിൽപത്രം എഴുതിയത് അറിഞ്ഞില്ല
സരോജിനി വിൽപത്രം എഴുതിയത് സുനിൽകുമാർ വൈകിയാണ് അറിഞ്ഞത്. മൂന്നര ഏക്കർ വരുന്ന സ്വത്തിൽ ഭൂരിഭാഗവും ഇയാൾക്ക് ലഭിക്കുമെന്നാണ് കരുതിയിരുന്നത്.
ഒരിക്കൽ ഒരു അപേക്ഷ സാക്ഷ്യപ്പെടുത്താൻ ചെന്ന ആയുർവേദ ഡോക്ടറിൽനിന്നാണ് സരോജിനി സ്വത്തുക്കൾ ഭാഗം വച്ചിരുന്ന കാര്യം ഇയാൾ ആദ്യമായി അറിയുന്നത്.
അന്നു മുതൽ ഇയാൾക്ക് സരോജിനിയോട് പകയായിരുന്നു. വീട്ടിലെത്തിയ ഇയാൾ സരോജിനിയുമായി വിൽപത്രത്തെക്കുറിച്ച് ചോദിച്ച് വാക്കേറ്റമുണ്ടായി.
ഇതേത്തുടർന്ന് അവർക്ക് രക്തസമ്മർദം ഉണ്ടായി. അയൽവാസിയായ ഒരു സ്ത്രീ അന്ന് സരോജിനിയുടെ വീട്ടിലെത്തി രക്തസമ്മർദം പരിശോധിച്ചപ്പോൾ വളരെ കൂടുതലായിരുന്നു.
വിൽപത്രത്തെക്കുറിച്ച് ചോദിച്ച് സുനിൽകുമാർ വാക്കേറ്റമുണ്ടാക്കിയ കാര്യം സരോജിനി അപ്പോൾ അവരോട് പറഞ്ഞിരുന്നു.
ഇക്കാര്യം മൊഴിയെടുക്കലിൽ അയൽവാസിയായ സ്ത്രീയും ഭർത്താവും പോലീസിനെ അറിയിക്കുകയുണ്ടായി.
ഒടുവിൽ എല്ലാം തുറന്നു പറഞ്ഞു
മുട്ടത്തെ സയന്റിഫിക് ഇന്ററോഗേറ്റീവ് റൂമിലെത്തിച്ചാണ് ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവസാനം സുനിൽ കുമാറിനെ ചോദ്യം ചെയ്തത്.
ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ സുനിൽകുമാറിന് ഏറെനേരം പിടിച്ചുനിൽക്കാനായില്ല.
അവസാനം അയാൾ എല്ലാം തുറന്നു പറഞ്ഞു. ഏറെ നാളത്തെ ആസൂത്രണത്തിലൂടെയാണ് അയാൾ കൊലപാതകം നടത്തിയത്.
സംഭവദിവസത്തിന് രണ്ടുദിവസം മുന്പ് സരോജിനിയുമായി ഓട്ടോയിൽ ഇയാൾ റേഷൻ കടയിൽ പോയി. ഒന്നര ലിറ്റർ മണ്ണെണ്ണ വാങ്ങി.
കൊലപാതകം നടക്കുന്നതിന് തലേന്ന് രണ്ടു ലിറ്റർ മണ്ണെണ്ണ കൂടി സരോജിനിയെ കൊണ്ടുപോയി വീണ്ടും വാങ്ങി. അത് ഔട്ട് ഹൗസിലുള്ള അയാളുടെ മുറിയിൽ സൂക്ഷിച്ചു.
അതിനുശേഷം മൂവാറ്റുപുഴയിലെ ഒരു പെട്രോൾ പന്പിൽനിന്ന് രണ്ടു ലിറ്റർ പെട്രോൾ വാങ്ങി. സ്ഥിരം സഞ്ചരിക്കാറുള്ള ഓട്ടോറിക്ഷയിൽ ഇതുമായി വീട്ടിൽ വന്നു.
ഇയാളുടെ മുറിയിൽ വച്ച് മണ്ണെണ്ണയും പെട്രോളും മിക്സ് ചെയ്ത് ഒരു കാനിൽ സൂക്ഷിച്ചു. ബിവറേജസിൽനിന്ന് രണ്ട് ബിയർ വാങ്ങിയിരുന്നു.
വീട്ടിലെത്തിയ ഉടൻ അതിലൊന്നു കഴിച്ചു. പട്ടിയെ കുളിപ്പിച്ചു വന്നശേഷം മറ്റൊന്നു കൂടി കഴിച്ചു. പോലീസ് അന്വേഷണത്തിൽ ബിയർ വാങ്ങിയ ബില്ല് കണ്ടെത്തുകയുണ്ടായി.
രാത്രിയായപ്പോൾ കഞ്ഞിയെടുത്ത് സരോജിനിക്കു കൊടുത്തശേഷം സുനിൽകുമാറും കഴിഞ്ഞു. പിന്നീട് ഇയാളുടെ മുറിയിലേക്കു പോകുന്നുവെന്നു പറഞ്ഞു പുറത്തേക്കിറങ്ങി.
ആ സമയം സരോജിനി മുറിയുടെ വാതിൽ അടച്ചു. പക്ഷേ സുനിൽകുമാർ പുറത്തേക്കു പോയിരുന്നില്ല. ഇയാൾ വിദഗ്ധമായി മറ്റൊരു മുറിയിൽ ഒളിച്ചിരുന്നു.
എല്ലാം സ്വത്തിനുവേണ്ടി
പുലർച്ചെ ഒന്നരയ്ക്ക് ഒളിച്ചിരുന്ന മുറിയിൽ നിന്ന് സുനിൽകുമാർ എഴുന്നേറ്റു. മറ്റൊരു വാതിൽ തുറന്ന് ഔട്ട് ഹൗസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും പെട്രോളും മിക്സ് ചെയ്ത കാനുമായി മുറിയിലെത്തി.
ഈ സമയം സരോജിനി നല്ല ഉറക്കത്തിലായിരുന്നു. അവർ കിടന്നിരുന്ന മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി.
ശബ്ദം കേട്ട് സുനിലേ എന്നു ഉറക്കെ വിളിച്ചാണ് സരോജിനി ഉണർന്നത്. എന്നാൽ അയാൾ അവരെ പിടിച്ച് തറയിൽ അടിച്ചു.
ഇടതു നെഞ്ചിൽ രണ്ടുവട്ടം ആഞ്ഞു ചവിട്ടി. എഴുന്നേൽക്കാനാവാതെ തറയിൽ കിടന്ന അവരെ എടുത്ത് കട്ടിലിൽ കിടത്തിയ ശേഷം കാനിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ പെട്രോൾ മിക്സ് ദേഹത്തേക്കും കട്ടിലിലും ഒഴിച്ചു.
ശേഷം ലൈറ്റർ കത്തിച്ചിട്ടശേഷം വാതിൽ അടച്ചു പിടിച്ചു. അതുകൊണ്ടായിരുന്നു വാതിലിന്റെ പുറകിൽ കരിയുടെ പാടുണ്ടായത്. ദേഹത്ത് കത്തുപിടിച്ചു എന്ന് ഉറപ്പാക്കിയശേഷം വാതിൽ തുറന്നു.
മരണം ഉറപ്പാക്കിയ ശേഷം തുടർന്ന് ഗ്യാസ് അടുപ്പിൽനിന്ന് തീ പിടിച്ച് മരിച്ചതായി വരുത്തി തീർക്കാനായി കത്തിക്കരിഞ്ഞ ശരീരം വീടിന്റെ വടക്കു ഭാഗത്തുള്ള അടുക്കളയോടു ചേർന്നുള്ള കിടപ്പു മുറിയുടെ വാതിലിന്റെ പടിയിൽ കൊണ്ടിട്ടു.
തുടർന്ന് അലമാരയും മറ്റു വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും പെട്രോൾ ഒഴിച്ച് കത്തിച്ചു. ശേഷം അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററും സ്റ്റൗവും തുറന്നുവിട്ട് മണ്ണെണ്ണയൊഴിച്ച് അവയും കത്തിച്ചു.
അതിനുശേഷം അയൽക്കാരെ വിവരം അറിയിക്കുകയാണുണ്ടായത്. ഫോറൻസിക് പരിശോധനയിൽ സരോജിനിയുടെ ശരീരത്തിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും അംശം കണ്ടെത്തിയിരുന്നു.
കൂട്ടായ പരിശ്രമം
ഡിവൈഎസ്പിമാരായ രാജപ്പൻ റാവുത്തർ, സദൻ കുട്ടൻ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ കെ.ആർ. അനിൽകുമാർ, എഎസ്ഐമാരായ പി.എസ്. ജയേന്ദ്രൻ, അബ്ദുൾ ഖാദർ, സിപിഒമാരായ എസ്.ആർ. ശ്യാം, കെ.യു. റഷീദ് എന്നിവരാണ് ശിവകുമാറിനൊപ്പം അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
സംഭവം നടന്നു മൂന്നു മാസം വരെ ഗ്യാസ് പൊട്ടിത്തെറിച്ചുള്ള മരണം എന്നു കരുതിയിരുന്ന സംഭവമാണ് ശാസ്ത്രീയമായ തെളിവുകളിലൂടെ ഇൻസ്പെക്ടർ ശിവകുമാർ അഞ്ചു മാസത്തെ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയിച്ചത്. പ്രതിയെ കണ്ടെത്തി 85 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനായി.
അന്വേഷണ സംഘത്തിലുണ്ടായിരുന്ന എട്ടു പേർക്ക് കുറ്റാന്വേഷണ മികവിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിക്കുകയുണ്ടായി. പ്രതി സുനിൽകുമാർ കഴിഞ്ഞ ഒരു വർഷമായി റിമാൻഡ് പ്രതിയായി മുട്ടം ജയിലിലാണ്.
(അവസാനിച്ചു)