ലോകത്തെ വിഴുങ്ങിയ കൊറോണ വൈറസില് നിന്നും മുക്തി നേടുന്നതിനുള്ള പഠനങ്ങള് ലോകമാകമാനം പുരോഗമിക്കുകയാണ്. ഇപ്പോള് ജര്മന് ശാസ്ത്രജ്ഞര് നടത്തിയ ഒരു പഠനം ലോകത്തെയാകെ ഞെട്ടിക്കുകയാണ്.
ശ്വാസോച്ഛാസത്തിന്റെ ഭാഗമായി മൂക്കിലൂടെ മനുഷ്യ ശരീരത്തില് പ്രവേശിക്കുന്ന കൊറോണ, നാസാരന്ധ്രത്തിലെ മ്യുക്കസില് കുറച്ച് സമയം ചെലവഴിച്ചശേഷം മനുഷ്യന്റെ തലച്ചോറില് എത്തിച്ചേരാമെന്നാണ് പുതിയ പഠനത്തില് വ്യക്തമായിരിക്കുന്നത്.
മ്യുക്കോസല് പാത്ത്വേയിലൂടെ കൊറോണ വൈറസിന് മനുഷ്യ തലച്ചോറിലെ ന്യുറോണുകളെ ബാധിക്കാം എന്നതിന് ആദ്യമായി ലഭിക്കുന്ന തെളിവുകൂടിയാണിത്. ഈ മഹാമാരിയുടെ ആരംഭകാലം മുതല്ക്കെ പലയിടങ്ങളില്നിന്നായി റിപ്പോര്ട്ട് ചെയ്യപ്പെട്ട ഒരു വസ്തുതയുണ്ട്.
അതായത്, സാര്സ്-കോവ്-2 എന്ന ശാസ്ത്രീയ നാമമുള്ള കൊറോണ വൈറസ് ശ്വാസസംബന്ധിയായ പ്രശ്നങ്ങള് മാത്രമല്ല നാഢീവ്യവസ്ഥയേയും തകരാറിലാക്കുന്നുണ്ട് എന്ന വാര്ത്ത പല ഭാഗങ്ങളില് നിന്നായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു.
കൂടുതല് വിശദമായി പറഞ്ഞാല്, ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളില് മൂന്നില് ഒന്ന്, രുചി, ഗന്ധം എന്നിവ തിരിച്ചറിയാതിരിക്കുക, തലവേദന, ക്ഷീണം, തളര്ച്ച, ശര്ദ്ദി എന്നിവയയിരുന്നു.
കോവിഡ് മൂലം മരണമടഞ്ഞ 33 പേരുടെ മൃതദേഹങ്ങളില് ഒട്ടോപ്സി നടത്തിക്കൊണ്ടായിരുന്നു ജര്മ്മനിയിലെ ശാസ്ത്രജ്ഞര് ഈ പഠനം നടത്തിയത്.
മൂക്കിന് പുറകിലെ മ്യുക്കസ് ഗ്രന്ഥിയെക്കുറിച്ചായിരുന്നു പ്രധാനമായും പഠനം നടത്തിയത്. അതായത്, തൊണ്ടയും നാസാരന്ധ്രത്തില് നിന്നുള്ള നാളിയും ഒരുമിക്കുന്നിടത്തുള്ള മ്യുക്കസ്. അതിനൊപ്പം തലച്ചോറിലെ കോശങ്ങളുടെ സാമ്പിളുകളും പഠനവിധേയമാക്കി.
കൊറോണ വൈറസിന്റെ ജനിതക ഘടകങ്ങള് വലിയ തോതില് തന്നെ നാസാരന്ധ്രത്തിലെ മ്യുക്കസില് അടങ്ങിയിരുന്നു. അതേസമയം, മനുഷ്യകോശങ്ങളില് അള്ളിപ്പിടിച്ച് അവയെ ബാധിക്കുവാന് കൊറോണവൈറസിനെ സഹായിക്കുന്ന സാര്സ്-കോവ്-2 വിന്റെ പ്രോട്ടീന് കുന്തമുനകള് തലച്ചോറിലെ കോശങ്ങളിലും കാണപ്പെട്ടു.
മ്യുക്കോസയുടെ അകത്ത് എത്തിക്കഴിഞ്ഞാല് ഈ വൈറസ് ഓള്ഫാക്ടറി നാഡിപോലുള്ള ന്യുറോ അനാട്ടോമിക്കല് കണക്ഷന്സ് വഴി തലച്ചോറില് എത്തിച്ചേരുന്നു എന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞര് അനുമാനിക്കുന്നത്.
ഈ പഠനത്തിന്റെ ഭാഗമായി, ഇതാദ്യമായി മ്യുക്കസിലെ കൊറോണ വൈറസ് ഘടകങ്ങളുടെ ഇലക്ട്രോണ് മൈക്രോസ്കോപ് ചിത്രങ്ങള് എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഈ വൈറസുകള് തലച്ചോറില് എത്തുന്നത് എങ്ങനെയെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല.
അതിന് കൂടുതല് പരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നും ഇവര് പറയുന്നു. ഒരു നാഢീകോശത്തില് നിന്നും മറ്റൊരു നാഢീകോശത്തിലേക്ക്, അങ്ങനെയങ്ങനെ സഞ്ചരിച്ചാണ് വൈറസ് തലച്ചോറിലെത്തുന്നത് എന്നാണ് ഇതുവരെ ലഭ്യമായ വിവരങ്ങളില് നിന്നും അനുമാനിക്കാവുന്നത്.
എന്നാല്, രക്തധമനികളുടെ ഭിത്തികളിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനാല്, രക്തചംക്രമണത്തിലൂടെയും വൈറസ് തലച്ചോറിലെത്താന് സാധ്യതയുണ്ടെന്നും പഠനം നടത്തിയ ശാസ്ത്രജ്ഞര് പറയുന്നു. തലച്ചോറിനെ ബാധിക്കുന്ന ഒരേയൊരു വൈറസല്ല ഇതെന്നും അവര് പറയുന്നു.
ഫ്ളൂ, പേവിഷ ബാധ എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്ക്കും തലച്ചോറിനെ ബാധിക്കാന് കഴിയും. നേച്ചര് ന്യുറോ സയന്സില് ഇന്നലെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്ട്ടില് വൈറസ് ബാധയുണ്ടായതിനെ തുടര്ന്ന് സെറിബ്രല് ദ്രവത്തില് പ്രതിരോധ കോശങ്ങള് രൂപപ്പെട്ടതായി കണ്ടുപിടിച്ചതായും പറയുന്നുണ്ട്.
ഇത്തരത്തില് തലച്ചോറിനെ വൈറസ് ബാധിച്ചാല് അത് ശ്വസോച്ഛാസ പ്രക്രിയയ്ക്ക് തടസ്സങ്ങളുണ്ടാക്കിയേക്കാം. അതുപോലെ ഹൃദയസംബന്ധിയായ ആരോഗ്യത്തെയും ഇത് വിപരീതമായി ബാധിക്കുമെന്നും ചിത്തഭ്രമത്തിനു വരെ കാരണമായേക്കാമെന്നും പഠനത്തില് പറയുന്നു.