തിരുവനന്തപുരം: കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ വിവാഹം, മരണാനന്തരചടങ്ങുകൾ, മറ്റ് സാമൂഹ്യ ചടങ്ങുകൾ, രാഷ്ട്രീയ ചടങ്ങുകൾ തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച ചൊവ്വാഴ്ച നടന്ന സർവകക്ഷി യോഗം ചർച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. കോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായി നീങ്ങാൻ യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും തീരുമാനിച്ചു.
ഇനിയുള്ള ദിവസങ്ങളിൽ സ്ഥിതി സങ്കീർണമാവാനാണ് സാധ്യത. അണികളെ ജാഗ്രതപ്പെടുത്താൻ രാഷ്ട്രീയ നേതൃത്വം തയാറാകണം. സമരങ്ങൾക്ക് നിയന്ത്രണം വേണ്ടിവരും. ആൾക്കൂട്ടം ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അഭ്യർഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കന്പോളങ്ങളിലും റീട്ടെയിൽ വ്യാപാരസ്ഥാപനങ്ങളിലും ഒന്നാം ഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. കോവിഡിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളുടെ ഇടപെടലും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.