ഗോരഖ്പുർ: ശന്പള കുടിശിക തന്നുതീർക്കണമെന്ന് ആവശ്യപ്പെട്ട തൊഴിലാളിയെ കരാറുകാരന്റെ മക്കൾ വെടിവച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശ് ഗോരഖ്പൂരിലെ ബെലിപർ മേഖലയിലാണു സംഭവം.
കമലേഷ് ചൗധരി എന്ന യുവാവാണു കൊല്ലപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ട ചൗധരിയെ കരാറുകാരന്റെ മക്കൾ നിരവധി തവണ തൊഴിച്ചെന്നു ദൃക്സാക്ഷി പോലീസിനു മൊഴി നൽകി. കമലേഷിന്റെ അച്ഛൻ രമ ചൗധരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സന്ത് രാജ് യാദവ് എന്ന കരാറുകാരന്റെ കീഴിൽ വിശാഖപട്ടണത്താണു കമലേഷ് കുറച്ചു ദിവസങ്ങളായി ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി കമലേഷ് നാട്ടിലെത്തി തനിക്ക് തന്നു തീർക്കാനുള്ള രണ്ടു ലക്ഷം രൂപ ലഭിക്കണമെന്ന് സന്ത് രാജിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പണം നൽകിയില്ല.
ശനിയാഴ്ച രാവിലെ വീട്ടിൽനിന്നു പുറത്തിറങ്ങിയ കമലേഷിനെ സന്ത് രാജിന്റെ മക്കളായ രൂപേഷ് യാദവും ബീറു യാദവും ചേർന്ന് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇതിനുശേഷം ഇവർ മൃതദേഹത്തിൽ തൊഴിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസിനോടു വിവരിച്ചാൽ കമലേഷിന്റെ ഗതി വരുമെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷമാണു കൊലയാളികൾ മടങ്ങിയത്.
എന്നാൽ കൊലപാതകത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ സന്ത്രാജും കുടുംബവും ഒളിവിൽപോയി. ഇവരെ പിടികൂടാൻ ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് സൂപ്രണ്ടന്റ് ജി.പി.ചതുർവേദി അറിയിച്ചു.