കൊല്ലം: കുണ്ടറയിൽ യുവതിയെ എൻസിപി നേതാവ് അപമാനിക്കാൻശ്രമിച്ച സംഭവത്തിൽ ഫോൺ രേഖകളും സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു തുടങ്ങി.
ഇന്ന് യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ വൈകുന്നത് വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. എൻസിപി നേതാവ് യുവതിയുടെ കൈയില് പിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ എൻസിപി നേതാക്കൾ യുവതിയുടെ വീട്ടിലെത്തിയെങ്കിലും യുവതി അവിടെയുണ്ടായിരുന്നില്ല. മാതാപിതാക്കളിൽനിന്ന് നേതാക്കൾ വിവരങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങൾ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്ക് കൈമാറി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് യുവതിയുടെ വീട് സന്ദർശിക്കും. അതേസമയം കുണ്ടറയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക, പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എൻ.കെ ശശീന്ദ്രനെതിരേ കേസെടുക്കുക, അന്വേഷണത്തിൽ അനാസ്ഥ കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഇന്നലെ യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ അജേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. കുണ്ടറ ആശുപത്രി മുക്കിൽ നിന്നും ആരംഭിച്ച യുവമോർച്ച പോലീസ് സ്റ്റേഷൻ മാർച്ച് ഇളമ്പള്ളൂരിൽ പോലീസ് തടഞ്ഞു. പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സ്ത്രീവിരുദ്ധ നിലപാടു സ്വീകരിച്ച മന്ത്രി എ .കെ. ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു മഹിളാ കോണ്ഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
റെയിൽവെ സ്റ്റേഷന് മുന്നിൽ നിന്നുമാരംഭിച്ച മാർച്ച് ഇളമ്പള്ളൂർ പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. ഉദ്ഘാടനം പി.സി.വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു.