തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കുരുങ്ങിയ വനം മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം.
വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ പ്രമേയം അവതരണത്തിനു സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്റെ ആരംഭ ദിവസം തന്നെ ശശീന്ദ്രൻ വിഷയം ഉയർത്തി പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്.
സഭ ഇന്ന് തുടങ്ങിയതിനു പിന്നാലെ ചോദ്യോത്തര വേളയിൽ ശാന്തരായി പങ്കെടുത്ത പ്രതിപക്ഷം, അതു കഴിഞ്ഞതിനു പിന്നാലെ വിഷയം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു.
ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം.
എന്നാൽ, സഭ നിർത്തിവെച്ച് ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന് അടിയന്തര പ്രമേയത്തെ എതിർത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടത്. യുവതിയുടെ പരാതിയിൽ കേസെടുക്കാൻ വൈകിയോ എന്ന് അന്വേഷിക്കും. ഡിജിപി ഇക്കാര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം അംഗീകരിച്ചില്ല. മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിയുടെ തെറ്റിനെ ന്യായീകരിക്കുകയാണെന്നു കുറ്റപ്പെടുത്തി. സർക്കാർ വേട്ടക്കാർക്കൊപ്പമാണ്.
ജാള്യത മറയ്ക്കാൻ മുഖ്യമന്ത്രി തലകുനിച്ചാണ് ഇരിക്കുന്നത്. സ്ത്രീപക്ഷ വാദം ഉയർത്തുന്നവർ സ്തീപീഡനം സംബന്ധിച്ച പരാതി ഒത്തുതീർക്കാൻ ഇടപെടുകയാണ്. ഇതാണോ സർക്കാരിന്റെ സ്ത്രീപക്ഷ വാദമെന്നും സതീശൻ പരിഹസിച്ചു.
മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. നിയമ നടപടികൾ ഇല്ലാതാക്കാനാണ് മന്ത്രി പരാതിക്കാരിയുടെ പിതാവിനെ ഫോണിൽ വിളിച്ചത്.
ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രിയെ സംരക്ഷിക്കുന്ന രീതിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മന്ത്രി രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.