തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ച് വിടാൻ ഉത്തരവിട്ട ഹൈക്കോടതി വിധി കെഎസ്ആർടിസിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. വിധി നടപ്പാക്കാൻ സാവകാശം പോലും നൽകാൻ കോടതി അനുവദിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 4051 ഉദ്യോഗാർഥികൾക്ക് കണ്ടക്ടർ നിയമനം നൽകാനുള്ള അഡ്വൈസ് മെമ്മൊ അയച്ചിട്ടുണ്ട്. എല്ലാവരോടും ചീഫ് ഓഫീസിൽ ഇന്ന് എത്തിച്ചേരണമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ എല്ലാവരും ഇന്ന് എത്തിച്ചേരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗ്യതാ പട്ടികയിൽ ഉള്ളവർ പലരും പല സ്ഥലങ്ങളിലാണ്. അഡ്വൈസ് മെമ്മൊ ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതും ഉദ്യോഗാർഥികൾക്ക് ഇന്ന് എത്തിച്ചേരാൻ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തിലാണ് പുതിയ നിയമനത്തിന് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
സ്ഥിരം ജീവനക്കാരായ കണ്ടക്ടർമാർ ജോലിയിൽ നിന്നും ദീർഘകാല അവധിയെടുത്തതിനാലാണ് പകരക്കാരായി എം പാനൽ ജീവനക്കാരെ നിയമിച്ചത്. പിന്നീട് എം പാനലുകാരുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. കെഎസ്ആർടിസിയെക്കുറിച്ച് പഠിച്ച എല്ലാ കമ്മീഷനുകളും ആവശ്യപ്പെട്ട ഒരു കാര്യം ജീവനക്കാരുടെ അനുപാതം കുറയ്ക്കണമെന്നാണ്.
എന്നാൽ മാറി മാറി വന്ന മാനേജ്മെന്റുകൾ ഇത് മുഖവിലയ്ക്കെടുത്തില്ലെന്നും അതാണ് പ്രതിസന്ധിക്ക് ഒരു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി നിയമനം നൽകുന്ന കണ്ടക്ടർമാർക്ക് പ്രൊബേഷണൽ പീരീഡ് ഉണ്ടായിരിക്കുമെന്നും അതിന് ശേഷം മാത്രമെ കൂടുതൽ വേതനം നൽകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഡിപ്പാർട്ട്മെന്റുകളിലും ഇത്തരത്തിൽ പ്രൊബേഷണൽ പീരീഡ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിരിച്ചു വിട്ട എം പാനൽ ജീവനക്കാർ കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നും ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.