തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തിൽ മന്ത്രിസഭയിൽനിന്നു പുറത്തായ എൻസിപി എംഎൽഎ എ.കെ. ശശീന്ദ്രൻ കാബിനറ്റിലേക്കു തിരിച്ചെത്തുന്നു. ശശീന്ദ്രൻ വ്യാഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു റിപ്പോർട്ടുകൾ. ബുധനാഴ്ച ഗവർണർ അവധിയിലായതിനാലാണ് സത്യപ്രതിജ്ഞ വ്യാഴാഴ്ചത്തേക്കു മാറ്റിയത്.
മന്ത്രിസഭയിലേക്കു ശശീന്ദ്രൻ വേഗത്തിൽ മടങ്ങിവരണമെന്ന കാര്യത്തിൽ എൻസിപി നേതൃത്വത്തിന്റെ അഭിപ്രായത്തോടു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും യോജിപ്പാണ്. അതേസമയം, കായൽ കൈയേറ്റ കേസിൽ രാജിവച്ച മുൻ മന്ത്രി തോമസ് ചാണ്ടിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ശശീന്ദ്രന്റെ മടങ്ങിവരവിനെ എതിർക്കുന്നുണ്ട്.
എന്നാൽ, കുറ്റവിമുക്തനായി ആദ്യം മടങ്ങിയെത്തുന്നയാളിനു മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിൻെ നിലപാടെന്നാണു ടി.പി. പീതാംബരൻ മാസ്റ്റർ അടക്കമുള്ളവർ പറയുന്നത്.കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഗതാഗത വകുപ്പ് വേഗത്തിൽ വച്ചൊഴിയണമെന്ന ആഗ്രഹമാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിട്ടുള്ളത്.
കുഴഞ്ഞുകിടക്കുന്ന വകുപ്പിനെ താത്പര്യമെടുത്തു നോക്കേണ്ടതുണ്ട്. അതിന് ഒരു മന്ത്രി തന്നെ വേണ്ട നിലയാണ്. ഇപ്പോൾ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കു ഗതാഗതവകുപ്പിൽ കാര്യമായി ശ്രദ്ധ പതിപ്പിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുകൂടിയാണ് എത്രയും വേഗം ഗതാഗതവകുപ്പ് കൈമാറാൻ അദ്ദേഹം താത്പര്യം കാട്ടുന്നത്.