എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റേതെന്ന പേരിൽ ലൈംഗിക ചുവയുള്ള ഫോണ് സംഭാഷണം പുറത്തു വന്ന സംഭവത്തെക്കുറിച്ച് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. സർക്കാർ ഒൗദ്യോഗികമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പോലീസ് അന്വേഷണം സമാന്തരമായി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ലോക്നാഥ ബഹ്റയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്റലിജൻസ്,സെപഷ്യൽബ്രാഞ്ച്, സൈബർ പോലീസ്,ഹൈട്ടെക് സെൽ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിർദ്ദേശം ലഭിച്ചയുടൻ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോണ്വിളികളുടെ രേഖ സംഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് സംഘം ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വാങ്ങിയിട്ടുണ്ട്. പരാതിയുമായി സ്ത്രീ മുന്നോട്ടു വരാത്ത സാഹചര്യത്തിൽ ഇതു ട്രാപ്പാണെന്ന വാദം ശക്തമായ സാഹചര്യത്തിൽ അന്വേഷണം ഈ വഴിയ്ക്കാണ് മുന്നോട്ടു പോകുന്നത്. വാർത്ത പുറത്തുവിട്ട മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട ജീവനക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമായിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിനു പിന്നിൽ വാർത്ത മാത്രമല്ല സാന്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന കൂടിയുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ പണമിടപാട് ഇതിനു പിന്നിൽ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുകയാണ്. മന്ത്രിമാർ മാത്രമല്ല ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്ന തെളിവുകളും ഇവരുടെ കൈവശമുണ്ടെന്ന് പോലീസിനുള്ളിൽ തന്നെ അടക്കം പറച്ചിലുണ്ട്.
അതിനാൽ പോലീസ് അന്വേഷണം നടത്തിയാൽ അന്വേഷണ വിവരങ്ങൾ ചോരാനുള്ള സാധ്യത മുൻകൂട്ടി കണ്ടു കൂടിയാണ് പോലീസ് അന്വേഷണം ഒഴിവാക്കി ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തു കൊണ്ടുവരണമെന്ന കർശന നിർദ്ദേശമാണ് മുഖ്യമന്ത്രി ഡി.ജി.പിയ്ക്ക് നൽകിയിരിക്കുന്നത്.