എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ പെൺകെണിയിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയയായ യുവതിയെ പോലീസ് ചോദ്യം ചെയ്യും. ആരോപണ വിധേയയായ സ്ത്രീ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതോടെ സംഭവത്തിന് പിന്നിലെ യാഥാർഥചിത്രം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടേതടക്കം നാലു പരാതികൾ പോലീസിന് ലഭിച്ചിരുന്നു.
ടെലിഫോൺ വിവാദത്തിനു പിന്നിൽ പെൺകെണിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാൻ സംസ്ഥാന പോലീസ് സേനയിലെ രണ്ട് ഉന്നത ഐപി എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന സംശയം ആദ്യം മുതലേ ഉയർന്നെങ്കിലും സംഭവം ലഘൂകരിച്ച് പോലീസ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിന് പിന്നിൽ ഈ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്നു.
സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് അന്വേഷണം പ്രഖ്യാപിക്കാമെന്ന നിലപാടാണ് ആദ്യം മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്.
എന്നാൽ പോലീസ് അന്വേഷണത്തേക്കാൾ ജുഡീഷ്യൽ അന്വേഷണമാണ് നല്ലതെന്ന നിലപാട് ഈ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടന്നാൽ അന്വേഷണ വിവരങ്ങൾ ചോരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ എതിർത്തത്. എന്നാൽ പോലീസ് അന്വേഷണം നടന്നാൽ യുവതിയെ ചോദ്യം ചെയ്യേണ്ടി വരും. കൂടാതെ മാധ്യമ സ്ഥാപനത്തിലേക്കും അന്വേഷണം നീങ്ങേണ്ടി വരും. ഇതിനു തടയിടാനാണ് തന്ത്രപൂർവം ഈ ഉദ്യോഗസ്ഥർ പോലീസ് അന്വേഷണം ഒഴിവാക്കിയത്.
വാർത്ത വന്ന ആദ്യ ദിവസങ്ങളിൽ ആരും പരാതിയുമായി വരാത്തതും ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങൾ നീങ്ങാൻ ഇടയായി. എന്നാൽ ഇന്നലെ പരാതികൾ വന്നതോടെ പോലീസ് അന്വേഷണത്തിലേക്ക് പോകാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയായി. രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ സമാന്തരമായി അന്വേഷണം നടന്നിരുന്നു.
അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ സംഭവം പെൺകെണിയാണെന്നും മന്ത്രിയെ യുവതി അങ്ങോട്ട് നിരന്തരം വിളിക്കാറുണ്ടായിരുന്നുവെന്നും ഒരു ദിവസം മുപ്പതിലേറെ തവണ വിളിച്ചിട്ടുണ്ടെന്നും ഫോണ് രേഖകകളിൽ നിന്ന് വ്യക്തമായി. ഇതോടെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന നിലപാടിലേക്ക് സർക്കാർ എത്തി നിൽക്കുകയാണ്.
ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകുന്നവരെ തെളിവ് ശേഖരണം നടത്താതിരുന്നാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും വെട്ടിലായിരിക്കുകയാണ്.