കോട്ടയം: വന്യജീവി ആക്രമണം തടയുന്നതിലും കര്‍ഷകസുരക്ഷ ഉറപ്പാക്കുന്നതിലും പരാജയപ്പെട്ട വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഇന്‍ഫാം അസംബ്ലിയില്‍ ഉയര്‍ന്ന പൊതു ആവശ്യം ശരിവച്ച് കര്‍ഷകരും വിവിധ കര്‍ഷക സംഘടനകളും. ദിവസേന മൃഗങ്ങള്‍ നടത്തുന്ന നരനായാട്ടിനെ നിസാരവത്കരിക്കുകയും വനനിയമത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ശശീന്ദ്രനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മന്ത്രി ശശീന്ദ്രന് രാജിവച്ചൊഴിയണമെന്ന് ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയും മാര്‍ ജോസ് പുളിക്കലും കര്‍ഷകസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനോട് അസഹിഷ്ണുതയോടെയാണ് മന്ത്രി ഇന്നലെ പ്രതികരിച്ചത്. രാജി പ്രശ്നപരിഹാരമല്ലെന്നും വന്യജീവി ആക്രമണത്തിന് പരിഹാരമല്ലെന്നുമാണ് ഇന്നലെ മന്ത്രി പദവിക്കു യോജിക്കാത്ത വിധം പ്രതികരിച്ചത്. ബിഷപ്പുമാരുടെ പ്രസ്താവനയെ മന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
ബിഷപ്പുമാര്‍ ആശ്വസിപ്പിക്കാന്‍ സിദ്ധിയുള്ള ആളുകളാണെന്നാണ് താന്‍ ധരിച്ചുവച്ചിരുന്നതെന്നും ചില സമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നുമായിരുന്നു വിമര്‍ശനം. രാജിവയ്ക്കണമെന്ന് പറയുന്നത് രാഷ്ട്രീയ ആവശ്യമാണ്. ബിഷപ് ഉയര്‍ത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജിവച്ചാല്‍ ഉയര്‍ന്നുവന്ന പ്രശ്നം തീരുമോ എന്നും ഇതിനൊരു ശാശ്വത പരിഹാരം വേണമെന്നും ശശീന്ദ്രന് പറഞ്ഞു. അതേസമയം, വനം സുരക്ഷിതമാക്കുന്നതിലും ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിലും കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിലും ചെറുവിരല്‍ അനക്കാന്‍പോലും മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് കര്‍ഷകരുടെ വിമര്‍ശനം. കര്‍ഷകരെ കുരുതി കൊടുക്കുംവിധം അടുത്തയിടെ വനനിയമം പരിഷ്കരിക്കാന്‍ നീക്കം നടത്തിയതിലും അമര്‍ഷമുണ്ട്. വന്യജീവി ആക്രമണങ്ങള്‍ എല്ലാം ജനവാസമേഖലയിലല്ലെന്നും വനത്തിനുള്ളിലും പുറത്തും നടക്കുന്നുണ്ടെന്നുമുള്ള മന്ത്രി ശശീന്ദ്രന്റെ പ്രതികരണം മന്ത്രിയുടെ അജ്ഞതയാണ് വെളിവാക്കുന്നത്.
വീട്ടിനുള്ളിലും മുറ്റത്തും വഴിയിലും കൃഷിയിടത്തിലും സമീപദിവസങ്ങളില്‍ ഒട്ടേറെ പേര് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ദാരുണമായി മരിച്ചു. വനത്തിനുള്ളില്‍ സംഭവിച്ചതിന്റെ പതിന്മടങ്ങ് മരണം വനത്തിനു പുറത്താണ് സംഭവിച്ചതെന്ന് മന്ത്രി വിസ്മരിക്കുന്നു. ആദിവാസികള്‍ അല്ലാത്തവര്‍ എന്തിനാണ് വനത്തിലെത്തുന്നതെന്നു പരിശോധിക്കണമെന്നും നാട്ടുകാർ കടക്കുന്നത് നിയമവിരുദ്ധമാണെന്നും ഇന്നലെ ശശീന്ദ്രന് പറഞ്ഞു. എന്നാല്‍ വനം കടന്ന് യാത്ര ചെയ്യേണ്ടവരും വനാതിര്‍ത്തിയിലെ ജലസ്രോതസുകളെ ആശ്രയിക്കേണ്ടവരുമായ അനേകായിരങ്ങള്‍ സംസ്ഥാനത്തുണ്ടെന്നത് മന്ത്രി മനസിലാക്കുന്നില്ല.