മുളങ്കുന്നത്തുകാവ്: വീട്ടിൽനിന്നു പ്രഭാതഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ഛർദ്ദിച്ചു മരിച്ച സംഭവത്തിൽ ദുരൂഹത.
പോലീസ് നടത്തിയ പരിശോധനയിൽ വീടിനോടു ചേർന്നുള്ള കൈയ്യാലയിൽ കീടനാശിനികളുടെ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയതു ദുരൂഹത വർധിപ്പിക്കുന്നു.
മരണകാരണം ഇന്നു പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ സ്ഥിരീകരിക്കാനാകുവെന്നു മെഡിക്കൽ കോളജ് പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.
രാവിലെ കഴിച്ച ഭക്ഷണത്തിന്റെ സാന്പിളുകളും ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് ചോദ്യം ചെയ്തിട്ടുമുണ്ട്.
മെഡിക്കൽ കോളജ് എച്ച്എസ്ഒ പി.പി. ജോയ്, എസ്ഐമാരായ ശാന്താറാം, ബിജു, മഹേഷ് എന്നിവരടങ്ങിയ സംഘമാണു കേസന്വേഷിക്കുന്നത്. ശശീന്ദ്രന്റെ ആദ്യഭാര്യയെ വർഷങ്ങൾക്കുമുന്പ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
ഇഡലിയിൽനിന്നു വിഷബാധ: കുടുംബാംഗങ്ങൾ ഉൾപ്പെടെ നാലു പേർ ചികിത്സയിൽ
മുളങ്കുന്നത്തുകാവ് (തൃശൂർ): പ്രഭാതഭക്ഷണത്തിൽനിന്നു വിഷബാധയേറ്റു ഗൃഹനാഥൻ മരിച്ചു. എടക്കുളം അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് രക്തം ഛർദിച്ചു മരിച്ചത്.
ശശീന്ദ്രന്റെ അമ്മ കമലാക്ഷി (92), ഭാര്യ ഗീത(53) വീട്ടിൽ തെങ്ങുകയറാനെത്തിയ വേലൂർ സ്വദേശികളായ ശ്രീരാമചന്ദ്രൻ (50), ചന്ദ്രൻ (47) എന്നിവരെ സമാനലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ വീട്ടിൽനിന്നു കഴിച്ച ഇഡ്ഡലിയിൽനിന്നാണുഭക്ഷ്യവിഷബാധയേറ്റതെന്നാണു പ്രാഥമിക നിഗമനം. വീട്ടുകാർക്കു പുറമേ തെങ്ങുകയറാനെത്തിയവരും ഇഡ്ഡലി കഴിച്ചിരുന്നു. ഇഡ്ഡലിയും സാന്പാറും കടലക്കറിയുമായിരുന്നു പ്രഭാതഭക്ഷണമായി ഉണ്ടായിരുന്നത്.
ഭക്ഷണശേഷം സ്കൂട്ടറിൽ എടിഎമ്മിലേക്കു പോയപ്പോഴായിരുന്നു ശശീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടത്. വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ആരോഗ്യ സർവകലാശാലയുടെ എടിഎമ്മിൽനിന്നു പണമെടുത്ത ശേഷം തൊട്ടടുത്ത കോഫി ഹൗസിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഹൗസ് സർജനാണ് ശശീന്ദ്രനെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
വായിൽനിന്നു നുരയും പതയും വിറയലുമായി അല്പസമയത്തിനുള്ളിൽ മരണം സ്ഥിരീകരിച്ചു. ഡോക്ടറായ മകൻ പോസ്റ്റ്മോർട്ടം വേണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നു.
ഭാര്യക്കും അമ്മയ്ക്കും ഛർദ്ദിയും രോഗലക്ഷണങ്ങളും കണ്ടതിനെത്തുടർന്ന് മൃതദേഹം കൊണ്ടുവന്ന ആബുലൻസിൽത്തന്നെ തിരികേ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മകന്റെ മരണവിവരമറിഞ്ഞതിനു പിന്നാലെ അമ്മ കമലാക്ഷി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. മരണവിവരമറിഞ്ഞതിന്റെ ആഘാതത്തിലാകാം ഇതെന്നാണു നാട്ടുകാർ കരുതിയത്. തുടർന്ന് ഇവരെ അമല മെഡിക്കൽ കോളജിൽ എത്തിച്ചു.
പിന്നാലെ ശശീന്ദ്രന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്ന തെങ്ങുകയറ്റ തൊഴിലാളികളും സമാനലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഇതോടെയാണു ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്ന നിഗമനത്തിലേക്ക് എത്തുന്നത്.
ആദ്യം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഗീതയെ വൈകുന്നേരം സ്വകാര്യ ആശുപത്രിലേക്കു മാറ്റി. ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവർ മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലാണ്. ശശീന്ദ്രന്റെ മകൻ ഡോ. മയൂർനാഥ് വീട്ടിലുണ്ടായിരുന്നെങ്കിലും പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല.
പറന്പിലെ പണികൾക്കായി രണ്ടു തൊഴിലാളികൾകൂടി സംഭവസമയം വീട്ടിലുണ്ടായിരുന്നെങ്കിലും ഇരുവരും സ്വന്തം വീട്ടിൽനിന്നു കൊണ്ടുവന്ന ഭക്ഷണമാണു കഴിച്ചത്.
ശശീന്ദ്രന്റെ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മാർട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും. ശോഭ സിറ്റിയിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ഉദ്യോഗസ്ഥനാണു ശശീന്ദ്രൻ.