മനഃസാക്ഷിയുള്ള കള്ളന്മാരും ലോകത്തുണ്ടെന്നുള്ളതിന് തെളിവായിരിക്കുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള പുതിയ സംഭവം. മെൽബണ്‍ സ്വദേശിയുടെ വീട്ടിൽ കയറിയ മോഷ്ടാവ് സ്വർണം, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, ലാപ്ടോപ്, ഐപാഡ് എന്നിവയ്ക്കൊപ്പം അടിച്ചുമാറ്റിയത് എട്ട് ആഴ്ച പ്രായമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട സാഷ എന്ന നായക്കുട്ടിയെ കൂടിയായിരുന്നു.
മറ്റ് വസ്തുക്കൾ നഷ്ടപ്പെട്ടതിൽ വലിയ വിഷമം തോന്നാതിരുന്ന വീട്ടുകാർക്ക് സാഷയുടെ തിരോധാനം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കാരണം വീട്ടിലെ നാലു വയസുകാരിയായ കുട്ടിയുടെ പൊന്നോമനയായിരുന്നു സാഷ.
സമൂഹശ്രദ്ധയാകർഷിച്ച സംഭവം പിന്നീട് ഓസ്ട്രേലിയായിലെ പ്രധാന മാധ്യമങ്ങളിൽ വലിയ തലക്കെട്ടായി പ്രസിദ്ധീകരിക്കുകയും ചെയ്തു. നാളുകൾ കഴിഞ്ഞു, സാഷയെ തിരികെ ലഭിക്കില്ലെന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാൽ ഈ വാർത്തകളെല്ലാം സാഷയെ മോഷ്ടിച്ചയാൾ അറിയുന്നുണ്ടായിരുന്നു. കുട്ടിയുടെ അവസ്ഥയിൽ മനസ്താപം തോന്നിയ മോഷ്ടാവ് സാഷയെ വീട്ടുകാർക്ക് തിരികെ ഏൽപ്പിക്കുകയായിരുന്നു. മറ്റ് വസ്തുക്കൾ നഷ്ടപ്പെട്ടെങ്കിലും സാഷയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. സാഷ തിരികെ വന്നെങ്കിലും മോഷ്ടാവിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.