യുഎസ് പ്രസിഡന്റിന്റെ മകള്‍ വെറുമൊരു ഹോട്ടലില്‍ ജോലി ചെയ്യുകയോ? ആരും ഇതു വിശ്വസിക്കാനിടയില്ല. എന്നാല്‍, വിശ്വസിച്ചേ മതിയാകൂ. വൈറ്റ്ഹൗസിലെ പ്രൗഢിയും ആഡംബരവും കുറച്ചുദിവസത്തേക്ക് ഉപേക്ഷിച്ച് ബറാക് ഒബാമയുടെ ഇളയമകള്‍ 15കാരിയായ സാഷ ഇപ്പോള്‍ മാസച്യുസെറ്റ്‌സിലെ മാര്‍ത്താസ് വീനിയാര്‍ഡിനടുത്തുള്ള ഓക്ക്ബ്ലഫ്‌സിലെ നാന്‍സീസ് റസ്റ്ററന്റില്‍ ജോലി ചെയ്യുകയാണ്. അതും റസ്റ്റോറന്റിലെ യൂണിഫോമായ നീല ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞ്. വറുത്ത കടല്‍വിഭവങ്ങളും മില്‍ക്ക് ഷെയ്ക്കുകളും വില്‍ക്കുന്ന ഈ റസ്റ്റോറന്റില്‍ സുരക്ഷ കണക്കിലെടുത്ത് രാവിലെ 11.30 വരെയുള്ള ഷിഫ്റ്റിലാണു സാഷയുടെ ജോലി.
കാഷ്കൗണ്ടറില്‍ പണം വാങ്ങുന്ന ജോലിയും അതിഥികള്‍ക്കായി റസ്റ്ററന്റിലെ മേശകള്‍ ഒരുക്കുന്ന ജോലിയുമാണു സാഷ ചെയ്യുന്നത്. നടാഷ എന്ന തന്റെ മുഴുവന്‍ പേരാണ് സാഷ ഇവിടെ പറഞ്ഞിരിക്കുന്നത്.
പുതുതായി ജോലിയ്‌ക്കെത്തിയ പെണ്‍കുട്ടിയെ മറ്റു ജീവനക്കാര്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍, ഈ പെണ്‍കുട്ടിക്കൊപ്പം സദാസമയവും അകമ്പടി സേവിക്കുന്ന ആറു അപരിചിതരുടെ നീക്കങ്ങള്‍ മനസിലാക്കിയപ്പോഴാണു സംഗതിയുടെ ഗൗരവം മനസിലായത്. തങ്ങള്‍ക്കൊപ്പം ജോലിചെയ്യുന്ന പെണ്‍കുട്ടി സാക്ഷാല്‍ പ്രസിഡന്റ് ഒബാമയുടെ മകള്‍ സാഷയാണെന്നും അവള്‍ക്കൊപ്പമുള്ള അപരിചിതര്‍ സുരക്ഷയൊരുക്കുന്ന യുഎസ് സീക്രട്ട് സര്‍വീസ് ഏജന്‍സിയിലെ ഉദ്യോഗസ്ഥരാണെന്നും വ്യക്തമായത്. ഇതോടെ ജീവനക്കാരെല്ലാം നിശബ്ദരാണിപ്പോള്‍.
വേനല്‍ക്കാല അവധിയുടെ ഭാഗമായി ചൊവ്വാഴ്ചയാണ് സാഷ ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. അടുത്തയാഴ്ച പിതാവ് ഒബാമയും മാതാവ് മിഷേലും ചേച്ചി മാലിയയും വേനല്‍ക്കാല അവധി ചെലവിടാനായി മാര്‍ത്താസ് വീനിയാര്‍ഡില്‍ എത്തുന്നതുവരെ സാഷ ഈ ജോലിയില്‍ തുടരും. സാഷയുടെ ജോലിയെക്കുറിച്ചു വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍, തന്റെ രണ്ടു പെണ്‍മക്കളെയും സാധിക്കുന്നിടത്തോളം സാധാരണക്കാരായി വളര്‍ത്താനാണ് ആഗ്രഹമെന്നു പ്രഥമ വനിത മിഷേല്‍ ഒബാമ പ്രതികരിച്ചു. എല്ലാ വര്‍ഷവും മാര്‍ത്താസ് വീനിയാര്‍ഡില്‍ അവധിക്കാലം ചെലവഴിക്കാനെത്തുമ്പോള്‍ ഒബാമയും കുടുംബവും നാന്‍സീസ് റസ്റ്ററന്റില്‍നിന്നു ഭക്ഷണം കഴിക്കാറുണ്ട്. സാധാരണക്കാരന്‍ പോലും മക്കളെ ജീവിതദുരിതങ്ങള്‍ അറിയിക്കാതെ വളര്‍ത്തുന്ന ഇന്നത്തെ കാലത്ത് ഒബാമയുടെ കുടുംബം വലിയ മാതൃകയാണു നല്‍ കുന്നത്.