തിരുവനന്തപുരം: കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പങ്കിനെ പ്രശംസിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അംഗം ശശി തരൂർ എംപി. അവർ പാർട്ടിയുടെ ശക്തിയാണെന്ന് തരൂർ പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് കോൺഗ്രസും നെഹ്റു-ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ശശി തരൂർ ചൂണ്ടിക്കാട്ടിയത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വിജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള സ്ഥാനാർഥികൾ ആരൊക്കെയാവാമെന്ന പരാമർശങ്ങളുടെ തുടർച്ചയായാണ് തരൂരിന്റെ ഈ പ്രസ്താവന.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പിന്നീട് ഇതൊരു സ്വകാര്യ പരിപാടിക്കിടെ നടത്തിയ പ്രസ്താവനയാണിതെന്ന് വ്യക്തമാക്കിയ തരൂർ, അവ ഔദ്യോഗിക പരസ്യ പ്രസ്താവനയല്ലെന്ന് ഊന്നിപ്പറഞ്ഞിരുന്നു.