ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപമുള്ളയാൾ ചികിത്സയ്ക്കു പണം ലഭിക്കാതെ മരിച്ചു. ഭിന്നശേഷിക്കാരനായ കരുവന്നൂര്‍ തേലപ്പിള്ളി കോളേങ്ങാട്ടുപ്പറമ്പില് ശശി (53) യാണു മരിച്ചത്.
കഴിഞ്ഞ 30നാണു മരണം സംഭവിച്ചത്. ശശിയുടെയും അമ്മ തങ്കയുടെയും പേരിലായി 14 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നുവെങ്കിലും ചികിത്സാച്ചെലവിനായി ബാങ്ക് കനിഞ്ഞില്ലെന്നു സഹോദരി മിനി പറഞ്ഞു.
ഓഗസ്റ്റ് 22നു രാത്രി ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ ത്തുടര്‍ന്ന് മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശരീരം തളര്‍ന്നു കൊണ്ടിക്കുന്നതിനാല് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തലയില്‍ ഞരമ്പു പൊട്ടി രക്തം ഒഴുകുകയാണെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അന്നുരാത്രിതന്നെ അടിയന്തരമായി ശസ്ത്രക്രിയ നടത്തി.
ചികിത്സയ്ക്ക് നിക്ഷേപത്തുക ലഭിക്കാനായി കരുവന്നൂര്‍ ബാങ്ക് അധികൃതരെ സമീപിച്ചു. 23ന് രാവിലെ 25,000 രൂപ നല്കാമെന്നായി. നഗരസഭാ കൗണ്‍സിലര്‍ അല്‍ഫോൻസാ തോമസിന്റെ ഇടപെടലിനെത്തുടര്‍ന്ന് അമ്പതിനായിരം രൂപ ബാങ്ക് അധികൃതര്‍ നല്കി.
രണ്ടു ദിവസത്തിനുശേഷം വാര്‍ഡ് കൗണ്‍സിലര്‍ അജിത്കുമാറിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഒരുലക്ഷം രൂപയും ബാങ്കില്‍നിന്നു ലഭിച്ചു.
സ്വകാര്യ ആശുപത്രിയില്‍നിന്ന് ചികിത്സയ്ക്ക് ചെലവായ അഞ്ചുലക്ഷം രൂപയുടെ ബില്ലുകളും ഡോക്ടറുടെ കത്തും ഹാജരാക്കിയെങ്കിലും 40,000 രൂപ മാത്രമാണ് അനുവദിച്ചത്.
പലരില്‍നിന്നു വായ്പ വാങ്ങിയാണ് ആശുപത്രി ബില്ലുകള്‍ അടച്ചുതീര്‍ത്തത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം പല്ലിശേരിയിലെ ശാന്തി പാലിയേറ്റീവ് കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
വീടിന്റെ പിന്നിലുള്ള പത്തുസെന്റ് സ്ഥലം വിറ്റുകിട്ടിയ പണമാണ് എഴുവര്‍ഷം മുമ്പ് ബാങ്കിന്റെ മാപ്രാണം ശാഖയില്‍ നിക്ഷേപിച്ചത്.
ഭിന്നശേഷിക്കാരനായ ശശിയും 73 വയസുള്ള അമ്മ തങ്കയുമാണ് വീട്ടിലുള്ളത്. സഹോദരന്റെ മരണത്തിനുശേഷവും ബാങ്കില്‍നിന്ന് ആരും ബന്ധപ്പെട്ടില്ലെന്ന് സഹോദരി മിനി പറഞ്ഞു.