ശ്രീകണ്ഠപുരം: കുന്നത്തൂർപാടി മുത്തപ്പൻ ആരൂഢത്തിന് സമീപം വനത്തിൽ നിന്ന് സ്ത്രീ വേഷത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി മലപ്പട്ടം അഡൂർ സ്വദേശി കുഞ്ഞിരാമൻ എന്ന ശശി താമസിച്ചിരുന്ന ചുഴലിയിലെ വാടക മുറിയിൽ പോലീസ് പരിശോധന നടത്തി.
മൃതദേഹം ഇയാളുടേതാണെന്ന സൂചനകളെ തുടർന്നാണ് ചുഴലി ടൗണിലെ താമസസ്ഥലത്ത് പയ്യാവൂർ എസ്ഐ പി.സി.രമേശന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇവിടെ നിന്ന് സ്ത്രീയുടെ രൂപമാറ്റം വരുത്തുന്നതിനായി സൂക്ഷിച്ചതെന്ന് കരുതുന്ന ചുവപ്പ്, കറുപ്പ്, മഞ്ഞ നിറത്തിലുള്ള മാർക്കറുകളും മറ്റ് മേക്കപ്പ് സാധനങ്ങളും കണ്ടെത്തി.
കൂടാതെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൃതദേഹം ഇയാളുടേതാണെന്ന് വ്യക്തമാകുന്ന വിധത്തിലുള്ള കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.എട്ട് വർഷത്തോളമായി ശശി ഇവിടെയാണ് താമസിക്കുന്നത്. രാത്രി കാലങ്ങളിൽ സ്ത്രീ വേഷം കെട്ടി നടക്കുന്ന ഇയാളെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്നാണ് ചുഴലിയിലേക്ക് താമസം മാറ്റിയതത്രെ.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് വനത്തിനുള്ളിൽ വിറകുശേഖരിക്കാൻ പോയ നാട്ടുകാർ മുത്തപ്പൻ അരൂഢത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടത്. മൂന്നു മാസത്തോളം പഴക്കമുണ്ടായിരുന്നതിനാൽ ബന്ധുക്കൾക്ക് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അഡൂരിലെ ഇയാളുടെ ബന്ധുക്കളുടെ ഡിഎൻഎ ഉടൻ ശേഖരിക്കും.