
കോഴിക്കോട്: ചലച്ചിത്ര താരം ശശി കലിംഗ (59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർഥ പേര്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു
നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന ശശി കലിംഗ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു.
500-ലധികം നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം “പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
കേരളാ കഫേ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി,ആമേൻ, അമർ അക്ബർ ആന്റണി, വെള്ളിമൂങ്ങ, ആദാമിന്റെ മകൻ അബു തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.