കാട്ടാക്കട : ശാരീരിക വൈകല്യത്തെ തോൽപ്പിച്ച് ശശി വെട്ടിയ റോഡിൽ നാട്ടുകാർ സ്ഥാപിച്ച ബോർഡ് പിഴുതെറിഞ്ഞ നിലയിൽ. ബോർഡ് പിഴുതെറിഞ്ഞാലും ശശി നഗർ ശശിനഗർ തന്നെയെന്ന് നാട്ടുകാർ.
അമ്പതടി ഉയരമുള്ള ഒരു കുന്ന് ഇടിച്ചു താഴ്ത്തി മൺപാത നിർമിച്ച ശശി ഒറ്റയാൾ പോരാട്ടത്തിലൂെടയാണ് വഴി വെട്ടിയത്.
മൂന്നു വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഒരു കാലിനും കൈയ്ക്കും ചലന ശേഷിയില്ലാത്ത വിളപ്പിൽശാല കീഴതുനട തെങ്ങിൻതോട്ടത്തിൽ ശശി ഒറ്റയ്ക്ക് റോഡ് വെട്ടിയത്.
അൻപതടി ഉയരമുള്ള കുന്നിടിച്ച് റോഡ് വെട്ടിയതിനാണ് നാട്ടുകാർ ആദരവായി ശശിനഗർ’ എന്ന ബോർഡ് സ്ഥാപിച്ചത്.
മൺവെട്ടിയും പിക്കാസും ഒറ്റകൈയിൽ തിരുകി ഇഴഞ്ഞിഴഞ്ഞ് മൂന്നു വർഷം ആരുടെയും സഹായമില്ലാതെ പണിയെടുത്താണ് കുന്നിൻ മുകളിലേയ്ക്കുള്ള ഊടുവഴിയെ വീതിയുള്ള റോഡാക്കി മാറ്റിയത്.
അന്ന് ആരും സഹായിക്കാനെത്തിയില്ല. കുന്നിൽമുകളിലേക്ക് ഒരു ചാൺ വീതിയുള്ള ഊടുവഴിയിലൂടെ യാത്ര ചെയ്തിരുന്നവർക്ക് വീതിയേറിയ മൺപാത കിട്ടിയപ്പോൾ ശശിയെ അഭിനന്ദിച്ചെത്തിയത് നാടൊന്നടങ്കം.
വിളപ്പിൽശാല കീഴതുനട തെങ്ങിൻ തോട്ടത്തുകാർ ഈ റോഡിന് ശശിയുടെ പേര് നൽകി. ഇന്ന് ആ ബോർഡ് ആരോ തകർത്തെറിഞ്ഞതിലുള്ള വിഷമവും ശശി പങ്കുവച്ചു.
2013 മുതൽ 2016വരെയാണ് ഈ അധ്വാനം. 200 അടി നീളവും ആറ് അടി വീതിയുമുള്ള റോഡ് മൂന്നു വർഷം മുൻപ് ഐ.ബി.സതീഷ് എംഎൽഎ ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കി.
അവിടെ സ്ഥാപിച്ചിരുന്ന ബോർഡാണ് സമൂഹവിരുദ്ധർ പിഴുതെറിഞ്ഞത്. ബോർഡ് നശിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ കുറ്റക്കാരെ കണ്ടെത്തുമെന്ന് വിളപ്പിൽശാല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ്കുമാർ പറഞ്ഞു.