തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു ശശി തരൂർ അഗ്നിപരീക്ഷ നേരിട്ടതു രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ.
രണ്ടു തെരഞ്ഞെടുപ്പുകളിലും തരൂരിനെ തിരുവനന്തപുരം ജനത കൈവിട്ടില്ലെങ്കിലും സുനന്ദയുടെ മരണത്തിനു തൊട്ടു പിന്നാലെയെത്തിയ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികൾ ദുരൂഹ മരണം പ്രചാരണായുധമാക്കിയത് തരൂരിനൊപ്പം യുഡിഎഫിനും കനത്ത വെല്ലുവിളിയാണുണ്ടാക്കിയത്.
2009ലെ ആദ്യ മത്സരത്തിൽ ഒരു ലക്ഷത്തോളം വോട്ടിനു തിരുവനന്തപുരം മണ്ഡലത്തിൽ വിജയിച്ച ശശി തരൂർ 2014ൽ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കടന്നു കൂടുകയായിരുന്നു. ബിജെപിയിലെ ഒ. രാജഗോപാലാണു രണ്ടാമതെത്തിയത്.
വിശ്വപൗരൻ എന്ന ലേബലുമായി 2009ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തിയ ശശിതരൂർ 99,998 വോട്ടിനാണ് സിപിഐയിലെ പി. രാമചന്ദ്രൻനായരെ പരാജയപ്പെടുത്തിയത്.
പിന്നീട് മൻമോഹൻ സിംഗ് മന്ത്രിസഭയിൽ അംഗമായി. തരൂർ കേന്ദ്രമന്ത്രിയായിരിക്കയാണ് 2014 ജനുവരി 17നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതേവർഷം ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സുനന്ദ പുഷ്കറിന്റെ മരണം ഇടതുമുന്നണിയും ബിജെപിയും പ്രചാരണായുധമാക്കി.
ഒരു പരിധിവരെയുള്ള യുഡിഎഫിന്റെ സംഘടിത പ്രതിരോധത്തിനൊപ്പം ശശി തരൂരിന്റെ വ്യക്തിപ്രഭാവം കൂടി തുണച്ചപ്പോൾ, നേരിയ ഭൂരിപക്ഷത്തിനു തിരുവനന്തപുരത്തു കടന്നുകൂടാനായി.
2014 ൽ യുഡിഎഫ് സ്ഥാനാർഥിയായ ശശി തരൂർ 2.97,806 വോട്ട് നേടിയപ്പോൾ, ബിജെപിയിലെ ഒ. രാജഗോപാലിന് 2,82,336 വോട്ടാണ് ലഭിച്ചത്. ഇടതു സ്ഥാനാർഥിയായ ബെന്നറ്റ് ഏബ്രാഹാം 2,48,941 വോട്ട് നേടി മൂന്നാമനായി.
എന്നാൽ, സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വേട്ടയാടൽ പലതലത്തിൽ തുടർന്നു. ദേശീയതലത്തിലും കോണ്ഗ്രസിനെതിരേയുള്ള പ്രചാരണായുധമായി വിഷയം ബിജെപി ഉപയോഗിച്ചു.
രാഷ്ട്രീയമായും വ്യക്തിപരമായും തരൂരിന് ഇത് ഏറെ നഷ്ടങ്ങൾക്കും ഇടയാക്കി. കേസ് ഒതുക്കുന്നതിനു തരൂർ കോണ്ഗ്രസ് വിട്ടു ബിജെപിയിലേക്കു ചേക്കേറുമെന്ന വ്യാജ പ്രചാരണവും ശക്തമായിരുന്നു.
എന്നാൽ, ഇതിനെല്ലാം തെരഞ്ഞെടുപ്പു പോരാട്ട വേദിയിലാണു തരൂർ രാഷ്ട്രീയമായ മറുപടി നൽകിയത്. ഒപ്പം നിയമപ്പോരാട്ടവും തുടർന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുനന്ദയുടെ മരണം പ്രചാരണ വിഷയമാക്കാൻ പലതലത്തിൽ ശ്രമമുണ്ടായെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശിതരൂർ തന്റെ ഭൂരിപക്ഷം തിരിച്ചു പിടിച്ചു.
ബിജെപിയിലെ കുമ്മനം രാജശേഖരനെ 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തരൂർ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണയും സിപിഐയുടെ ഇടതു സ്ഥാനാർഥി സി. ദിവാകരൻ മൂന്നാം സ്ഥാനത്തായിരുന്നു.
കെ. ഇന്ദ്രജിത്ത്