തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് കോണ്ഗ്രസ് നേതാവും എംപിയുമായ ശശിതരൂർ. കോവിഡ് കാലത്ത് ആരോഗ്യമന്ത്രി സർവവ്യാപിയായിരുന്നുവെന്നും ഏറ്റവും ഫലപ്രദമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും ശശിതരൂർ ട്വിറ്ററിൽ കുറിച്ചു.
പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനിൽ വന്ന ശൈലജയെക്കുറിച്ചുള്ള ലേഖനം പങ്കുവച്ചാണ് ശശിതരൂർ ആരോഗ്യമന്ത്രിയെ പ്രശംസിച്ചത്.കേരളത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനെടുത്ത മുൻകരുതലുകൾക്കും ധീരതയ്ക്കുമാണ് മന്ത്രിയെ ദി ഗാർഡിയൻ പ്രശംസിച്ചത്.
കേരളത്തേക്കാൾ ഉയർന്ന ആളോഹരി-ആഭ്യന്തര ഉൽപാദനമുള്ള അമേരിക്കയിലും ബ്രിട്ടനിലും കോവിഡ് ബാധിച്ച് പതിനായിരങ്ങൾ മരിച്ചപ്പോൾ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ നാലുപേർ മാത്രമാണ് രോഗം ബാധിച്ച് മരിച്ചത്. ഇത് ആരോഗ്യമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റേയും ആസൂത്രണത്തിന്റേയും ഫലമാണെന്ന് ലേഖനത്തിൽ പറയുന്നു.
2018ലെ നിപ്പ കാലത്തും ധീരമായ പ്രവർത്തനം കാഴ്ചവച്ച മന്ത്രിയുടെ കീഴിൽ കേരളത്തിന്റെ ആരോഗ്യരംഗം ഭദ്രമാണെന്നും ദി ഗാർഡിയൻ ലേഖനത്തിൽ പറയുന്നു. റോക്ക്സ്റ്റാർ എന്നാണ് മന്ത്രിയെ പത്രം വിശേഷിപ്പിച്ചിരിക്കുന്നത്.