സ്വന്തം ലേഖകൻ
തൃശൂർ: ബിജെപിക്കു ബദലാകാൻ കോണ്‍ഗ്രസിനല്ല, ഇടതുപക്ഷത്തിനേ കഴിയൂവെന്ന് മന്ത്രി എ.സി. മൊയ്തീൻ. തൃശൂർ പോസ്റ്റോഫീസ് റോഡിൽ അഴീക്കോടൻ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരുമെല്ലാം ബിജെപിയിലേക്കു ചേക്കേറുകയാണ്.
ശശി തരൂർ എംപി അടക്കമുള്ളവർ ഉൗഴം കാത്തു നിൽക്കുകയാണ്. അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടിക്കു സൗകര്യങ്ങൾ ഒരുക്കാൻ സഹായിച്ച ശശി തരൂർ എംപി ഇനി എത്ര ദിവസം കോണ്‍ഗ്രസിൽ കാണുമെന്നു കണ്ടറിയണം.
എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്ന വികസന പദ്ധതികൾ അട്ടിമറിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. നിയമസഭയിൽ വിശദീകരണം നൽകിയ വിഷയങ്ങളാണ് ഇപ്പോൾ പത്തു ചോദ്യങ്ങളക്കി ചെന്നിത്തല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം അഞ്ചിനു വിദ്യാർഥി കോർണറിൽ നടക്കുന്ന അഴീക്കോടൻ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
റാലി നടക്കുന്നതിനാൽ ഉച്ചകഴിഞ്ഞു രണ്ടര മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ശക്തൻ നഗറിൽനിന്നും പാലസ് റോഡിൽനിന്നും രണ്ടു പ്രകടനങ്ങളാണ് വിദ്യാർഥി കോർണറിൽ സംഗമിക്കുക. മൂന്നു മണിയോടെ റാലികൾ ആരംഭിക്കും.
അഴീക്കോടൻ രാഘവൻ കുത്തേറ്റു വീണ പോസ്റ്റോഫീസ് റോഡിൽ രാവിലെ നടന്ന ചടങ്ങിൽ ഛായാചിത്രത്തിനു മുന്നിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷനായി. യു.പി. ജോസഫ്, എം.കെ. കണ്ണൻ, പി.കെ. ഷാജൻ, പി.കെ. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.