കോഴിക്കോട്: എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അടിയൊഴുക്കിനു സാധ്യത.
കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ആശങ്കയോടെയാണ് തെരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നത്. കേരത്തില്‍ നിന്ന് മത്സരിക്കുന്ന ശശി തരൂരിന് അനുകൂലമായ അടിയൊഴുക്കാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗേയാണ് എതിര്‍സ്ഥാനാര്‍ഥി.
ഇന്നു രാവിലെ പത്തിനാരംഭിച്ച വോട്ടെടുപ്പ് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പുരോഗമിക്കുകയാണ്. വൈകിട്ട് നാലു വരെയാണ് പോളിംഗ്.
കേരളത്തില്‍നിന്ന് 305 പേരാണ് വോട്ടര്‍മാര്‍. സമൂഹമാധ്യമങ്ങളും യുവജന സമൂഹവും ശശി തരൂരിന് അനുകൂലമായി നിലയുറപ്പിച്ചതാണ് പരമ്പരാഗത ഗ്രൂപ്പുകളില്‍ ആശങ്ക ശക്തിപ്പെടാന്‍ കാരണം.
ശരി തരൂരിന് അനുകൂലമായി ആദ്യം സംഘടിത നീക്കം നടന്നത് കോഴിക്കോട് ജില്ലയിലാണ്. എം.കെ. രാഘവന് എം പി, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, ഐ ഗ്രൂപ്പ് നേതാവ് എന്‍.കെ. അബ്ദു റഹിമാന്‍, ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ. ബാലകൃഷ്ണന് കിടാവ് എന്നിവരടക്കമുള്ള നേതാക്കളാണ് ശശി തരൂരിന് അനുകൂലമായി രംഗത്തു വന്നിരുന്നത്.
പിന്നീട് മറ്റു ജില്ലകളിലും സമാന രീതിയില്‍ ഗ്രൂപ്പിനതീതമായി നേതാക്കള്‍ രംഗത്തു വരികയുണ്ടായി.പല നേതാക്കള്‍ക്കും തരൂരിനോട് മൃദുല സമീപനമാണുള്ളത്.
അദ്ദേഹം പ്രസിഡന്റാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പരസ്യപ്രതികരണം നടത്തിയിട്ടില്ല. രഹസ്യ ബാലറ്റില്‍ ഇവരുടെയെല്ലാം മനസ് എവിടെയാണെന്ന് വ്യക്തമാകുമെന്ന് കരുതുന്നവര്‍ ഉണ്ട്.
ഐ ഗ്രൂപ്പിലെ കെ.എസ് ശബരീനാഥനും ഹൈബി ഈഡനും തരൂരിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.എ ഗ്രൂപ്പ് നേതാവ് തമ്പാനൂര്‍ രവി തരുരിന് അനുകൂല നിലപാടുകാരനാണ്.
പല ബൂത്ത് കമ്മിറ്റികളു മണ്ഡലം കമ്മിറ്റികളും തരൂരിന് വേണ്ടി പ്രസ്താവന ഇറക്കുകയും ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ തട്ടകത്തില്‍ തന്നെ ഇത്തരം നീക്കങ്ങള്‍ നടന്നിട്ടുണ്ട്.
ഖാര്‍ഗെക്ക് അനുകൂലമായി ആദ്യഘട്ടത്തില്‍ നിലപാടെടുത്ത ഉമ്മന്‍ചാണ്ടി പിന്നീട് നിശബ്ദനാകുന്ന കാഴ്ചയാണുള്ളത്. രമേശ് ചെന്നിത്തല ഖാര്‍ഗെക്കു വേണ്ടി മറ്റു സംസ്ഥാനങ്ങളില്‍ പോലും പര്യടനം നടത്തിയിരുന്നു.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തിരിക്കുന്ന കെ. സുധാകരന് നിഷ്പക്ഷ നിലപാട് സ്വീകരിക്കാതെ ഖാര്‍ഗെക്ക് അനുകൂല നീക്കം നടത്തിയത് യുവാക്കള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.
യുവ രക്തത്തിന്റെ നിലപാടാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകം. ശശി തരൂരിന് പ്രതീക്ഷ നല്കുന്ന ഘടകവും ഇതാണ്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും മത്സരം തരൂരിന് നേട്ടമാണ് ഉണ്ടാക്കുക. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ തരൂരിന് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കുമെന്നും സൂചനയുണ്ട്.