തിരുവനന്തപുരം: പാലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിൽ കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ശശിതരൂർ നടത്തിയ പ്രസംഗം വിവാദമായത് പാർട്ടിയെ ആശങ്കപ്പെടുത്തുന്നു. ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയും വോട്ടും എതിരാകുമോയെന്ന ആശങ്കയിലാണ് കോണ്ഗ്രസ് നേതൃത്വം.
തിരുവനന്തപുരത്ത് മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പാലസ്തീൻ ഐക്യദാർഡ്യപരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയിരിക്കുകയാണ് സംഘാടകർ. ഇത് തരൂരിനോടുള്ള കടുത്ത എതിർപ്പിന്റെ സൂചനയായാണ് പാർട്ടി നേതൃത്വം കാണുന്നത്.
വിഴിഞ്ഞം തുറമുഖ സമരവുമായ വിഷയത്തിൽ നേരത്തെ ലത്തീൻ സഭയ്ക്കെതിരെ തരൂർ നിലപാട് സ്വീകരിച്ചിരുന്നു. തലസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ പാർട്ടിക്ക് നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് കോണ്ഗ്രസ് നേതൃത്വത്തിനുള്ളത്.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തരൂരിന്റെ വിജയത്തെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ബാധിക്കാതെ നോക്കാൻ വേണ്ട ചർച്ചകൾ നടത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഈ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ ഒരു നേതാവും നടത്തേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.
പരസ്യ അഭിപ്രായ പ്രകടനം വഷളായാൽ ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കുകയും എതിരാളികൾക്ക് സഹായകരമാകുമെന്നുമാണ് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. ലീഗ് നേതൃത്വവുമായി ചർച്ച ചെയ്ത് അവർക്കുണ്ടായിട്ടുള്ള മനോവിഷമവും നീരസവും തീർക്കാൻ തരൂരിനോട് ഹൈക്കമാൻഡ് ഉടൻ നിർദേശം നൽകും.
തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകളിലെ 32 മഹല്ലുകൾ ചേർന്നുള്ള കോർഡിനേഷൻ കമ്മിറ്റിയാണ് ഇപ്പോൾ തരൂരിനെ തലസ്ഥാനത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും മാറ്റിയത്. തിങ്കളാഴ്ച പാളയത്ത് നടക്കുന്ന പരിപാടിയിലെ അതിഥിസ്ഥാനത്തുനിന്നും മാറ്റുന്നതായി ശശി തരൂരിനെ ഔദ്യോഗികമായി കമ്മിറ്റി അറിയിച്ചു. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയത് തരൂരിനോടുള്ള എതിർപ്പിന്റെ തുടക്കമായി കോൺഗ്രസ് കാണുന്നു.