തിരുവനന്തപുരം: സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ എംപിക്ക് ഇടക്കാല ജാമ്യം. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നുത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടു പോകുന്നതിന് പാട്യാല കോടതിയുടെ അനുമതി തേടണമെന്ന ഉപാധിയിലുമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു തരൂരിന്റെ വാദം. കേസുമായി സഹകരിച്ചു. കുറ്റപത്രം സമർപ്പിച്ചതിനാൽ ഇനി ചോദ്യം ചെയ്യേണ്ട സാഹചര്യമോ അറസ്റ്റിന്റെയോ കാര്യമോ ഇല്ലെന്നും തരൂർ കോടതിയിൽ വാദിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച കോടതിയാണ് ജാമ്യം അനുവദിച്ചത്.
തരൂരിന് ജാമ്യം അനുവദിച്ചാൽ കേസിൽ ഇടപെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഡൽഹി കോടതിയിൽ ഹാജരാകാനിരിക്കെയാണ് തരൂർ ജാമ്യം തേടി കോടതി സമീപിച്ചത്. ജൂലൈ ഏഴിന് വിചാരണ കോടതിയിൽ ഹാജരാകാനാണ് തരൂരിനോടു കോടതി നിർദേശിച്ചിരിക്കുന്നത്. സുനന്ദയുടെ മരണത്തിൽ തരൂരിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്.
2014 ജനുവരി പതിനേഴിനാണ് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ ഡൽഹി ലീല ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന നിലയിൽ പോലീസ് കേസ് അന്വേഷിച്ചെങ്കിലും ഒടുവിൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.