തിരുവനന്തപുരം: ശശി തരൂരിന്റെ പരാതി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ഭാരവാഹി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പരിഹരിക്കും. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടിയുടെ ഭാഗത്തു നിന്ന് വേണ്ടത്ര സഹകരണമില്ലെന്നും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതാക്കളില്ലെന്നും ചൂണ്ടിക്കാട്ടി ശശി തരൂർ എഐസിസിക്ക് പരാതി നൽകിയിരുന്നു.
തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഐസിസി നേതൃത്വം മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇന്ന് മുതൽ തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഏകോപന ചുമതല ഈ മൂന്ന് നേതാക്കളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
തരൂരിനെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹായിക്കാത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വം മുന്നറിയിപ്പും താക്കിതും നൽകിയിരുന്നു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്കെതിരേ പരാതി നൽകുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി തന്പാനൂർ സതീശന്റെ ഫേസ്ബുക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു.
പിന്നീട് തന്പാനൂർ സതീശ് തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് പിൻവലിച്ചു. ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പൂർണമായി സഹകരിക്കുന്നില്ലെന്നാണ് തന്പാനൂർ സതീശ് ആരോപിച്ചത്.