ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അക്ഷരത്തെറ്റ്, ഇംഗ്ലീഷില്‍ പിഴച്ച് ശശി തരൂര്‍! ട്രോളുകളുമായി സോഷ്യല്‍മീഡിയ; ഒടുവില്‍ തെറ്റ് തിരുത്തി എം.പി.

പലര്‍ക്കും പരിചയം പോലുമില്ലാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതിലും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലും എം.പി. ശശി തരൂരിനുള്ള കഴിവ് പ്രശസ്തമാണ്. അധികമാരും കേട്ടിട്ടില്ലാത്ത കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് വായനക്കാരെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട് തരൂര്‍. ഇവയെല്ലാം പലപ്പോഴും ട്രോളാകാറുമുണ്ട്.

എന്നാല്‍ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റിച്ചതാണ് തരൂരിന് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. യു.എ.ഇയില് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്. എംഇഎസ് കോളേജ് ഓഫ് എജിനീയറിങ് പൂര്‍വ വിദ്യാര്‍ഥികളുടെ പരിപാടിയില്‍ സംസാരിച്ചതിനെക്കുറിച്ചുള്ള കുറിപ്പിലാണ് അക്ഷരപ്പിശകുണ്ടായത്.

Innovation എന്നവാക്കിന് പകരം Innivation എന്ന് തെറ്റി എഴുതുകയായിരുന്നു. പ്രതീക്ഷിക്കാതെ തരൂരില്‍ നിന്നുണ്ടായ ഈ പിശക് ആഘോഷമാക്കിയിരിക്കുയാണ് ട്രോളന്മാര്‍. നിരവധി പേരാണ് തെറ്റ് ചൂണ്ടിക്കാട്ടി എത്തിയത്. ചിലപ്പോള്‍ അങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കാമെന്നും അതല്ല, തരൂര്‍ സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നും പലരും വ്യാഖ്യാനിച്ചു. ഒടുവില്‍ തരൂര്‍ തന്നെ തെറ്റ് തിരുത്തി രംഗത്ത് വരികയായിരുന്നു.

Related posts