ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം പ്രശസ്തവും പ്രസിദ്ധവുമാണ്. വെബ്ബാക്വൂഫ്, ഫറാഗോ, ‘ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ’,’ഫ്‌ളൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’ തുടങ്ങി നിരവധി വാക്കുകള്‍ സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തിയ തരൂര്‍ ഈ പുതുവര്‍ഷത്തില്‍ പക്ഷേ താരതമ്യേന ലളിതമായ വാക്കാണ് തന്നത്.
Handsel (ഹാന്‍സല്‍) എന്ന വാക്കാണ് ഈ പ്രാവശ്യം പുതുവത്സര സമ്മാനമായി തരൂര്‍ തന്നിരിക്കുന്നത്. ഒരു മാധ്യമത്തിലെ ന്യൂയറുമായി ബന്ധപ്പെട്ട പ്രത്യേക പംക്തിയിലാണ് തരൂര്‍ പുതിയ വാക്ക് പരിചയപ്പെടുത്തിയത്. പുതുവര്‍ഷസമ്മാനമായോ പുതിയ സംരഭത്തിനുള്ള സൗഭാഗ്യ സൂചകമായോ എന്തെങ്കിലും നല്‍കുന്നതിന് ഇംഗ്ലീഷില്‍ പറയുന്ന പേരാണ് ഹാന്‍സല്‍.
പരന്ന വായനയാണ് പുതിയ വാക്കുകള്‍ പഠിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് തരൂര്‍ പറയുന്നു. ഒരു വാക്ക് രണ്ട് മൂന്ന് തവണ കണ്ടാല്‍ അതിന്റെ പ്രയോഗ പരിസരം നോക്കി അര്‍ഥം മനസിലാക്കാമെന്നും. മനസിലാക്കിയ അര്‍ഥം ശരിയാണോ എന്നും ഡിക്ഷണറി നോക്കി ഉറപ്പിക്കാമെന്നും തരൂര്‍ പറയുന്നു.
തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ പലപ്പോഴും ട്രോളുകളും ചര്‍ച്ചകളും ആകാറുണ്ട്. നേരത്തെ തരൂരിന്റെ ഇംഗ്ലീഷ് പാടവത്തെ ട്രോളി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള രംഗത്തെത്തിയിരുന്നു. കഠിനമായ ഇംഗ്ലീഷ് പ്രയോഗമുള്ള ട്വീറ്റുകളിലൂടെ ആളുകളെ വട്ടംകറക്കുന്ന തരൂരിന്റെ ഭാഷാപ്രാവീണ്യത്തെയായിരുന്നു ഉമര്‍ ട്രോളിയത്.