തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം പുകഴ്ത്തുകയും കെ റെയിലിൽ ഉൾപ്പടെ വ്യത്യസ്ത നിലപാടുമെടുക്കുന്ന ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് മുറുമുറുപ്പ്. കെ റെയിലിന്റെ കാര്യത്തിലെ പാർട്ടി നിലപാട് കെ.സുധാകരൻ തന്നെ തരൂരിന് വ്യക്തമാക്കി കൊടുക്കും.
തിരുവനന്തപുരത്തെ ലുലു മാള്‍ ഉദ്ഘാടന വേദിയില്‍ വച്ചാണ് ശശി തരൂര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും വേദിയില്‍ ശശി തരൂര്‍ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വ്യവസായങ്ങളെ ധൈര്യപൂർവം അദ്ദേഹം സ്വീകരിക്കുകയാണ്. താനും വികസനത്തിനു വേണ്ടി നിൽക്കുന്ന വ്യക്തിയാണെന്നും തരൂർ വ്യക്തമാക്കി.
കെ റയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയാറെടുക്കവെ കഴിഞ്ഞ ദിവസം ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫ് എംപിമാർ നൽകിയ നിവേദനത്തിൽ തരൂർ ഒപ്പുവച്ചില്ല.
ഇതിന്റെ സാമൂഹ്യ പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യത എന്നിവ കൂടുതൽ പഠനവും കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ വിഷയം കൃത്യമായും പഠിക്കാനും ചർച്ച ചെയ്യാനും സർക്കാർ ഒരു ഫോറം രൂപീകരിക്കണമെന്നും ശശി തരൂർ പറയുന്നു.