കോട്ടയം: കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇന്നു കോട്ടയത്ത് എത്താനിരിക്കെ വിവാദങ്ങൾക്കു ശമനമില്ല. തരൂർ പ്രസംഗിക്കുന്ന ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചതിനു പിന്നാലെ കോട്ടയം എംഎൽഎയും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും സമ്മേളനത്തിൽനിന്നു പിൻമാറി.
കെ.സി. ജോസഫ് ഉൾപ്പെടെ ജില്ലയിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന. തരൂരിന്റെ ജില്ലയിലെ പരിപാടികൾ ഔദ്യോഗികമായി പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചില്ലെന്നതാണ് പിൻമാറ്റത്തിനു കാരണമായി പറയുന്നത്.
അതേസമയം ഈരാറ്റുപേട്ടയിലെ പരിപാടിയിൽ സ്ഥലം എംപി കൂടിയായ ആന്റോ ആന്റണി പങ്കെടുക്കുമെന്ന് അറിയുന്നു. പാലായിൽ ശശി തരൂർ പ്രസംഗിക്കുന്ന കെ.എം. ചാണ്ടി ഫൗണ്ടേഷൻ യോഗം പാർട്ടി പരിപാടിയല്ലാത്തതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
ശശി തരൂർ ഇന്നു തിരുവനന്തപുരത്തുനിന്ന് പാലാ ബിഷപ് ഹൗസിലാണ് ആദ്യം എത്തുക. വൈകുന്നേരം നാലിനു ബിഷപ് ഹൗസിലെ ചായ സത്കാരത്തിനുശേഷം പാലായിൽ കെ.എം. ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണയോഗത്തിൽ പങ്കെടുക്കും.
ടൗണ്‍ഹാളിൽ നടക്കുന്ന സമ്മേളനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഡോ. സിറിയക് തോമസ് അധ്യക്ഷതവഹിക്കും. കെ.സി. ജോസഫ്, തോമസ് ജോർജ് കുന്പുക്കൽ എന്നിവർ പ്രസംഗിക്കും.
തുടർന്നു തരൂർ കാഞ്ഞിരപ്പള്ളി ബിഷപ് ഹൗസിലേക്കു പോകും. 6.30നു ഈരാറ്റുപേട്ട മുട്ടം കവലയിൽ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിൽ തരൂർ പ്രസംഗിക്കും. ജില്ലയിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടയിലെ ഏക രാഷ്ട്രീയയോഗമാണിത്.
“വർഗീയ ഫാസിസം, ഇന്നിന്റെ കാവലാൾ’ എന്ന വിഷയത്തിലായിരിക്കും തരൂർ സംസാരിക്കുക.പാർട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും തരൂരിന്റെ സന്ദർശനം വിവാദമായിരിക്കെ അദ്ദേഹത്തിന്റെ ഈരാറ്റുപേട്ടയിലെ പ്രസംഗം ഏവരും ഉറ്റുനോക്കുന്നു.
നാളെ ചങ്ങനാശേരിയിൽ യുവദീപ്തി സിൽവർ ജൂബിലി സമ്മേളനത്തിലും തരൂർ പങ്കെടുക്കും. കത്തീഡ്രൽ ഹാളിലെ പരിപാടിക്കു മുന്‍പ് ബിഷപ്പുമാരുമായി കൂടിക്കാഴ്ചയും നടത്തും.