തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ അടുത്ത ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ സാന്നിധ്യത്തിലാണ് അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവര്‍ ബിജെപി പാളയത്തിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശിതരൂരിനായി ഇരുവരും പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇവരെ കൂടാതെ അടുത്ത പത്തു ബന്ധുക്കളും ബിജെപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.
ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂരിന് ലഭിച്ച അപ്രതീക്ഷിത തിരിച്ചടിയായി മാറി ബന്ധുക്കളുടെ കൂടുമാറ്റം. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണി ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കിയതും കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്‍ഥിയായി വന്നതും മത്സരം കടുപ്പിച്ചിട്ടുണ്ട്.
കെപിസിസി നിർവ്വാഹക അംഗങ്ങൾ ഉൾപ്പടെയുള്ള രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്താൻ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരൻ പിള്ള. തത്കാലം പേരുകൾ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചർച്ചകൾ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര് ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു.