തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പ്രതിയാക്കിയതിനെ തുടർന്ന് പ്രതിരോധത്തിലായ കോൺഗ്രസിന് പിടിവള്ളിയായി ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന ജി. ശക്തിധരന്റെ ആരോപണത്തിൽ പ്രതികരണവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
സംഭവത്തിൽ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തി.
ശക്തിധരന്റെ ആരോപണം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും വി.ഡി. സതീശൻ ചോദിച്ചു. പിണറായി ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയണമെന്നും സതീശൻ പറഞ്ഞു.
ആരാണ് പണം നൽകിയത്, എവിടേക്കാണ് പണം കൊണ്ടുപോയത് എന്നെല്ലാം വെളിച്ചത്ത് വരണം. പറയുന്നത് മുഖ്യമന്ത്രിയെക്കുറിച്ചാണെന്ന് ആരോപണത്തിൽനിന്ന് വ്യക്തമാണ്.
എഫ്ഐആർ ഇട്ട് ഇക്കാര്യം അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു. പിണറായിക്കും സുധാകരനും ഇരട്ടനീതിയാണോയെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരുടെയും പേര് പറയുന്നില്ലെങ്കിലും ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കെ. സുധാകരനെതിരെ വിജിലൻസ് അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തുന്ന മുഖ്യമന്ത്രി തനിക്കെതിരേ നിരന്തരം ആരോപണങ്ങൾ ഉയരുന്പോഴൊക്കെ അന്വേഷണം നടത്താൻ ഭയക്കുകയാണ്.
വൈദ്യർ ആദ്യം സ്വയം ചികിത്സിക്കണം എന്നാണ് ഇക്കാര്യത്തിൽ പറയാനുള്ളത്. സ്വപ്ന സുരേഷ് നൽകിയ മൊഴി വസ്തുതകൾക്ക് നിരക്കുന്നതായതുകൊണ്ടാണ് ശിവശങ്കരൻ ജയിലിൽ കിടക്കുന്നത്. സ്വപ്നയുടെ ആരോപണങ്ങൾ വിശദമായി അന്വേഷിച്ചാൽ മുഖ്യമന്ത്രിക്കും ശിവശങ്കരന്റെ ഗതി വരും.
പിണറായി വിജയന് ഭയം ആണ്. ഏഴു വർഷം കൊണ്ട് പാർട്ടിക്കാരുടെ സ്വത്ത് വർധിച്ചത് അഴിമതിപ്പണംകൊണ്ടാണ്. ആരോപണങ്ങളുയരുന്പോഴെല്ലാം മിണ്ടാട്ടമില്ലാതെ മോദിയെപ്പോലെ പ്രതിപക്ഷത്തെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ് പിണറായി ചെയ്യുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ രാഷ്ട്രദീപികയോട് പറഞ്ഞു.
അതേസമയം ആരോപണം ഉന്നയിച്ച ശക്തിധരന് സംരക്ഷണം നൽകണമെന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുമായി വളരെയധികം അടുപ്പം പുലർത്തിയിരുന്ന ഒരു വ്യക്തി ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ അതിനെപ്പറ്റി ഒരു അടിയന്തര അന്വേഷണം നടത്താൻ സർക്കാർ തയാറാകണം.
ശക്തിധരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യതയും സർക്കാരിനുണ്ട്. അതിനുള്ള നടപടികൾ എത്രയുംപെട്ടെന്നു തന്നെ സ്വീകരിക്കണം എന്നും ബെന്നി ബ ഹനാൻ ആവശ്യപ്പെട്ടു.
വന്‍കിടക്കാര്‍ സമ്മാനിച്ച രണ്ട് കോടി മുപ്പത്തിയയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടു പോയെന്നാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരൻ ആരോപിച്ചത്.
തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ പ്രശസ്തനായ നേതാവെന്നാണ് പേരുവെളിപ്പെടുത്താതെ ശക്തിധരന് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ പറയുന്നു. സിപിഎം സൈബർ ആക്രമണങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്കായിരുന്നു ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.