കോട്ടയം: പ്രഭാതസവാരിക്കിറങ്ങിയ റിട്ടയേർഡ് എസ്ഐ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റു ഇന്നു രേഖപ്പെടുത്തിയേക്കും. അടിച്ചിറ മുടിയൂർക്കര പറയകാവിൽ ശശിധരനാ(62)ണു കൊല്ലപ്പെട്ടത്. സംഭത്തിൽ അയൽവാസി കണ്ണാന്പടം ജോസഫ് കുര്യനെ (സിജു-45) ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിജുവിന്റെ ഭാര്യയെ ഇന്നലെ രാത്രി വൈകി സ്റ്റേഷനിലേക്കു പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ഇന്നലെ സിജുവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത പോലീസ് സിജുവിന്റെ വീട്ടിൽ രാത്രി പരിശോധന നടത്തി. സിജുവിന്റെ പുരയിടത്തിൽനിന്ന് റോഡിലേക്ക് കയറ്റി മതിൽ നിർമിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു തുടക്കം.അയൽവാസികൾക്കെതിരെ സിജു കേസ് നൽകിയിട്ടുണ്ട്. ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേർക്കും തലയ്ക്കടിയേറ്റിരുന്നു. നേരത്തെ തലയ്ക്ക് അടി ലഭിച്ച രണ്ടു പേരുടെ മൊഴി എടുത്തു. വഴിവെട്ടു സംബന്ധിച്ച തർക്കമെന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്നലെ രാവിലെ 5.20നാണ് അടിച്ചിറഗേറ്റ് മുടിയൂർക്കര റോഡിൽ കണ്ണാന്പടം ഭാഗത്തു ശശിധരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലായിരുന്നു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. വഴിവെട്ട് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്പോഴാണു ശിധരന്റെ കൊലപാതകം. സിജുവിന്റെ വീട്ടിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
അയർലൻഡിൽ സ്ഥിര താമസമാക്കിയ മകളുടെ അടുത്തേക്ക് ഇന്നലെ വൈകുന്നേരം പോകാനിരിക്കുകയാണു ശശിധരനും ഭാര്യയും. പുലർച്ചെ അഞ്ചിനു പതിവു നടത്തത്തിന് പോയതാണു ശശിധരൻ. രക്തത്തിൽ മുങ്ങിയ നിലയിൽ ശശിധരനെ പത്രവിതരണക്കാരനായ യുവാവാണ് ആദ്യം കണ്ടത്. റോഡിൽ വീണു മരിച്ചെന്നാണ് ആദ്യം കരുതിയത്. പോലീസ് പരിശോധനയിൽ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവുണ്ട്.
കഴുത്തിന്റെ വലതുഭാഗത്തു ആഴത്തിൽ മുറിവുണ്ട്. ഇടതു കൈയുടെ രണ്ടു വിരൽ അറ്റനിലയിലാണ്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു. ഇന്നു രാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം നാലിന് സംസ്കരിക്കും. ഭാര്യ: സുമ, വടവാതൂർ ചിറ്റിലക്കാട് കുടുംബാംഗം. മക്കൾ: പ്രനൂപ് കുമാർ, പ്രീതി, മരുമക്കൾ: രമ്യ, അരുണ് (എല്ലാവരും നഴ്സുമാർ, അയർലൻഡ്).