കോട്ടയം: കാർ നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിഞ്ഞു മരിച്ചയാളുടെ സംസ്കാരം ഇന്നു നടക്കും. സിഐടിയു പൂഞ്ഞാർ എരിയ പ്രസിഡന്റും സിപിഎം പൂഞ്ഞാർ മുൻ എരിയാ സെക്രട്ടറിയുമായ റിട്ടയേർഡ് കഐസ്ഇബി ഉദ്യോഗസ്ഥൻ അരുവിത്തുറ കൊണ്ടൂർ കണ്ടത്തിൽ കെ.ആർ. ശശിധരൻ നായർ (65) ആണ് മരിച്ചത്. ശശിധരൻ നായരുടെ സംസ്കാരം ഇന്നു വൈകുന്നേരം മൂന്നിനു വീട്ടുവളപ്പിൽ നടക്കും.
അപകടത്തിൽ പരിക്കേറ്റവരായ പാലാ സ്വദേശി ജോണ്‍സി നോബിൾ (53), പ്രവിത്താനം സ്വദേശി ജോയി തോമസ് (70)എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഇവർ കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ വരുന്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം 4.30ന് തിരുവഞ്ചൂർ – കഞ്ഞിക്കുഴി റോഡിൽ ഇറഞ്ഞാൽ പാലത്തിലാണ് അപകടമുണ്ടായത്.
തിരുവഞ്ചൂർ ഭാഗത്തു നിന്നുമെത്തിയ കാർ നിയന്ത്രണവിട്ടു റോഡിൽ നിന്നും തെന്നി മാറിയശേഷം പാലത്തിന്റെ കൈവരിയിലും മരത്തിലുമിടിച്ചശേഷം തോട്ടിലെ 15 അടി താഴ്ചയിലേക്കു മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൂവരെയും കാറിൽ നിന്നു പുറത്തെടുത്ത് നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ശശിധരൻ നായരുടെ ഭാര്യ: എം.ജി. സുലോചന (തലനാട് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), മക്കൾ: വിശാഖ്, വിഷ്ണു, മരുമകൾ ദിവ്യ.