ഗാന്ധിനഗർ: കേസുകളെല്ലാം തനിക്കെതിരായപ്പോൾ ശല്യം ഒഴിവാക്കാനാണ് റിട്ട. എസ്ഐ ശശിധരനെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ കുറ്റസമ്മതം. ശശിധരനും അയൽവാസികൾക്കുമെതിരേ പ്രതി സിജു നിരവധി കേസുകൾ കോടതിയിൽ നൽകി. ഇതെല്ലാം കള്ളക്കേസുകളാണെന്ന് കണ്ടെത്തി സിജുവിനെതിരേ കേസെടുക്കാൻ കോടതി നിർദേശം നല്കിയിരുന്നു. ഇതിനെതിരേ വീണ്ടും കോടതിയെ സമീപിക്കാൻ ശനിയാഴ്ച അഭിഭാഷകനെ കണ്ടു. കേസ് നടത്തിപ്പിന് 20,000 രൂപയാകുമെന്ന് അഭിഭാഷകൻ പറഞ്ഞു.
പണം ഇല്ലാത്തതിനാൽ എല്ലാത്തിനും മുന്നിൽ നിൽക്കുന്ന റിട്ട. എസ് ഐയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.പ്രതി സിജു നല്കിയ കേസുകളിൽ നാട്ടുകാർക്ക് സഹായിയായി പ്രവർത്തിച്ചത് റിട്ട. എസ്ഐ ആയിരുന്നു. അതിനാൽ എസ് ഐ ശശിധരനോട് സിജുവിന് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച ശശിധരൻ വിദേശത്തേക്ക് പോകുന്ന കാര്യമൊന്നും പ്രതിക്കറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച അഭിഭാഷകന്റെ വീട്ടിൽ നിന്ന് വന്നയുടൻ ശശിധരനെ കൊലപ്പെടുത്താനുള്ള ആലോചനയിലായിരുന്നു. പിറ്റേന്ന് രാവിലെ ശശിധരൻ നടക്കാൻ പോയ സമയത്ത് പിന്നിലൂടെയെത്തി കന്പി വടിക്ക് തലയ്ക്കടിക്കുകയായിരുന്നു.
ശശിധരന്റെ മൃതദേഹം കാണാൻ ഓടിക്കൂടിയവർക്കൊപ്പം സിജുവും ഉണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് അവിടെ നിന്ന് പോയി. കൊലയ്ക്കുപയോഗിച്ച കന്പിവടി പിന്നീട് ആക്സ് ബ്ലേഡിന് മുറിച്ച് തോട്ടിൽ തള്ളി. ഇന്നലെ പോലീസ് പ്രതിയുമായി എത്തി കന്പിവടിയുടെ രണ്ടു കഷണം പാറന്പുഴ കുഴിയാലിപ്പടി ഭാഗത്ത് റോഡരികിലെ തോട്ടിൽ നിന്ന് കണ്ടെടുത്തു.
പ്രതി സിജുവിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോൾ ഇയാൾ പ്രതിയാണെന്നതിന് ഒരു തെളിവും ലഭിച്ചിരുന്നില്ല. ഒരു പതർച്ചയുമില്ലാതെയുള്ള ഇയാളുടെ മറുപടിയാണ് പോലീസിന് സംശയത്തിനിട നല്കാതിരുന്നത്. വിട്ടയയ്ക്കാൻ തിരുമാനിച്ച സമയത്ത് രക്ഷപ്പെട്ടതോടെയാണ് സംശയമുണ്ടായത്. വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പോലീസിനെ കുഴപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യ മൊഴികൾ.
പരസ്പര വിരുദ്ധമായി പറഞ്ഞ ചില കാര്യങ്ങളാണ് ഇയാളെ കുടുക്കിയത്. ഞായറാഴ്ച പുലർച്ചെ 5.15നാണ് റിട്ട. എസ്ഐ മുടിയൂർക്കര പറയകാവിൽ ആർ.ശശിധരനെ (62) വീടിനു സമീപം റോഡിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചു മണിക്ക് വീട്ടിൽ നിന്നിറങ്ങി നടക്കാൻ പോവുകയായിരുന്നു.