ചെറുതോണി: ശശിധരാനന്ദ സ്വാമിയെന്ന വ്യാജപേരിൽ മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയിൽ ഒരാശ്രമത്തിൽ ഒളിച്ചു താമസിച്ചിരുന്ന മലപ്പുറം വഴിക്കടവ് സ്വദേശി കുറ്റിപ്പുറത്തു വീട്ടിൽ അബ്ദുള്ളയെ (57) മുരിക്കാശേരി പോലീസിന്റെ സഹായത്തോടെ മലപ്പുറത്തുനിന്നെത്തിയ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഇയാളെ വീട്ടിൽനിന്നു കാണാതായത്. ഇതേത്തുടർന്ന് ഭാര്യ മൈമുന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശാനുസരണം വഴിക്കടവ് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുരിക്കാശേരിയിലുണ്ടെന്ന് കണ്ടെത്തിയത്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇയാളെ കണ്ടെത്താൻ പോലീസിനു വളരെ ബുദ്ധിമുട്ടേണ്ടിവന്നു.ഓഗസ്റ്റ് ഒന്നിനു വീടു വിട്ടിറങ്ങിയ ഇയാൾ മഹാരാഷ്ട്ര, ഗോവ, മംഗലാപുരം, കാസർഗോഡ്, കാഞ്ഞങ്ങാട്, തിരുവനന്തപുരം, എറണാകുളം, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി ഇടുക്കിയിലെത്തുകയായിരുന്നു.
കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ സ്വാമിയെന്ന വ്യാജപേരിൽ ആശ്രമത്തിൽ കടന്നുകൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.