ഗാന്ധിനഗർ: റിട്ട. എസ്ഐ മരണപ്പെട്ടത് തലയ്ക്കു പിന്നിലേറ്റ മാരകമായ മുറിവു മൂലമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലയാളിയെക്കുറിച്ച് ഒരു സൂചന പോലും ലഭിക്കാതെ പോലീസ്. മരണപ്പെട്ടയാളുടെ അയൽവാസിയും വർഷങ്ങളായി അതിര് തർക്കത്തിന്റെ പേരിൽ ശത്രുക്കളായി കഴിയുകയും ചെയ്തുവന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ഇയാളെ ഇന്നലെവിട്ടയച്ചു.
എങ്കിലും പ്രതി ആരെന്ന സൂചന പോലും ലഭിക്കാത്തതിനാൽ സമീപത്തുള്ള ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാൻ തയാറാകുകയാണു പോലീസ്. ഞായറാഴ്ച രാവിലെ ആറിനാണ് ഗാന്ധിനഗർ എസ്എൻഡിപി റോഡിൽ മുടിയൂർക്കര പറയകാവിൽ ശശിധരൻ (62) റോഡിൽമരിച്ച നിലയിൽ കാണപ്പെട്ടത്. വിവരം അറിഞ്ഞ ബന്ധുക്കളും പോലീസും ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയുടെ പിന്നിലൂടെ രക്തം വാർന്നാണു മരണം സംഭവിച്ചതെന്നും തലയുടെ പിന്നിലേറ്റ മാരകമായ മുറിവാണു മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടത്തിയയാളെന്ന രീതിയിൽ ശശിധരനുമായി വർഷങ്ങളായി കോടതി കേസും മറ്റ് വാക്കുതർക്കങ്ങളും ഉണ്ടായിരുന്ന അയൽവാസിയായ കണ്ണാന്പടം ജോസഫ് കുര്യനെ (സിജു 45) പോലീസ് കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂർ ചോദ്യം ചെയ്യുകയും ഇയാളുടെ വീടും പരിസരവും പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇയാൾക്കു പങ്കില്ലെന്ന ധാരണയിൽ വിട്ടയച്ചു.
ഇയാൾ തന്നെയാണു കൊലപാതകം നടത്തിയതെന്നും മാനസികന്യൂനത പ്രകടിപ്പിക്കാറുള്ള ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽനിന്നും ചാടിപ്പോയതാണെന്നും ശശിധരന്റെ ബന്ധുക്കളും ആരോപിക്കുന്നു.മരണത്തിന്റെ പിന്നിലെ ദുരൂഹത അകറ്റുവാൻ പ്രയാസപ്പെടുകയാണു പോലീസ്.