മണ്ണാര്‍കുടി മാഫിയ എന്നാണ് ശശികലയും കുടുംബക്കാരും അറിയപ്പെട്ടിരുന്നത്. എന്നാല്‍ ശശികല ശരിക്കും മണ്ണാര്‍കുടിക്കാരി ആയിരുന്നില്ലെന്നില്ല എന്നരീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരുത്തുറൈപൂണ്ടിക്കാരായ വിവേകാനന്ദന്റേയും കൃഷ്ണവേണിയുടേയും മകളായിരുന്നു ശശികല. വിവേകാനന്ദ കൃഷ്ണവേണി ശശികല എന്ന വികെ ശശികല. ഒരു സാധാരണ പെണ്കുട്ടിയായിട്ടായിരുന്നു ശശികല ജീവിതം തുടങ്ങിയത്. എന്നാല്‍ ഡിഎംകെക്കാരനും സര്‍ക്കാര്‍ പിആര്‍ഒയും ആയ നടരാജനെ വിവാഹം കഴിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇപ്പോള്‍ ശശികലയ്ക്ക് കരുണാകരന് ശത്രുവാണ്. എന്നാല്‍ നടരാജന്റേയും ശശികലയുടേയും വിവാഹം പോലും നടത്തിയത് കരുണാകരന്റെ സാന്നിധ്യത്തിലായിരുന്നു എന്നതാണ് സത്യം. ഭൂരുഭാഗം ആളുകള്‍ക്കും അറിയാത്ത ഒന്നാണ് ശശികല യുവതിയായിരുന്ന കാലഘട്ടം. 1957 ല്‍ ആയിരുന്നു ശശികലയുടെ ജനനം. ഇപ്പോള്‍ അറുപത് വയസ്സ് പ്രായം. ജയലളിതയുമായി പരിചയപ്പെടുമ്പോള്‍ തന്റെ മുപ്പതുകളോട് അടുക്കുകയായിരുന്നു ശശികല. സന്തോഷകരമായ ജീവിതത്തിനിടയിലാണ് ഭര്‍ത്താവ് നടരാജന്റെ ജോലി നഷ്ടപ്പെടുന്നത്. പിന്നീട് ജീവിതം കഷ്ടപ്പാടിലായി.
അതിനൊപ്പം ജോലി തിരിച്ച് പിടിക്കാന്‍ ഭര്‍ത്താവ് നടത്തുന്ന കേസും കൂട്ടവും വേറെ. വിവാഹജീവിതം തുടങ്ങി അധികമാകും മുമ്പ് തന്നെ കടുത്ത പ്രതിസന്ധികള്‍ തുടങ്ങി. ജീവിക്കാന്‍ എന്താണ് വഴിയെന്ന് നോക്കുമ്പോള്‍ യുവതിയായ ശശികല കണ്ടത് വീഡിയോ ലൈബ്രറി എന്ന ആശയമാണ്. ചെന്നൈയിലെ ഒറ്റമുറി കടയില്‍ വിനോദ് വീഡിയോ വിഷന്‍ എന്ന പേരില്‍ കാസറ്റ് ലൈബ്രറി തുടങ്ങി. ഒരു വീഡിയോ ലൈബ്രറി കൊണ്ട് ജീവിതം മുന്നോട്ട് പോകാത്ത അവസ്ഥ. വരുമാനത്തിന് മറ്റ് വഴികള്‍ തേടേണ്ട ഗതികേട്. ഭര്‍ത്താവാണെങ്കില്‍ എവിടേയും എത്തുന്നും ഇല്ല. ശശികല തോല്ക്കാന് തയ്യാറായില്ല. ഇപ്പോള്‍ പോലും സ്ത്രീകള്‍ കടന്നുവരാത്ത ഫോട്ടോ ഗ്രാഫിയിലും വീഡിയോഗ്രാഫിയിലും ശശികല പ്രാഗത്ഭ്യം നേടി. 1980 കളില്‍ ഈ പണി പഠിച്ചിറങ്ങിയ ആളാണ് ശശികല. ഇന്നത്തെ കാലത്ത് പോലും കല്യാണം പോലുള്ള ചടങ്ങുകളില്‍ ഫോട്ടോ/വീഡിയോ പിടിത്തം ആണുങ്ങളുടെ കുത്തകയാണ്. എന്നാല്‍ ചെറുപ്പം വിടാത്ത ശശികല അന്ന് തന്നെ ഈ രംഗത്തിറങ്ങി ബാക്കിയുള്ളവരെ ഞെട്ടിച്ചു. ചന്ദ്രലേഖ എന്ന ഐഎഎസ് ഉദ്യോഗസ്ഥയും നടരാജനും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. അങ്ങനെ നടരാജന്റെ ആവശ്യ പ്രകാരം ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള നിയോഗം ചന്ദ്രലേഖയ്ക്ക് കിട്ടി. എംജിആറിന്റെ ഇദയക്കനിയായ ജയലളിത രാഷ്ട്രീയത്തില്‍ തിളങ്ങുന്ന കാലമായിരുന്നു അത്.
ഗ്ലാമര്‍ നേതാവിന്റെ വീഡിയോ എടുത്ത് അത് വന്‍വിലയ്ക്ക് വില്ക്കാന് ശശികല ആഗ്രഹിച്ചിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകവേ അത്തരം ഒരു കാര്യം ശശികല ആഗ്രഹിച്ചിരുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. പാര്‍ട്ടിയുടെ സെക്രട്ടറിയായ ജയലളിതയോട് അടുപ്പം സൂക്ഷിച്ചാല്‍ പാര്‍ട്ടി പരിപാടികളുടെ വീഡിയോ എടുക്കാനുള്ള അവസരം കിട്ടുമെന്നും പ്രതീക്ഷിക്കപ്പെട്ടു. ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ശശികലയും ജയലളിതയും തമ്മില്‍ നല്ല അടുപ്പം ഉടലെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടെന്നും അവര്‍ ഒരുമിച്ച് തന്നെ നിന്നു. എംജിആറിന്റെ മരണ ശേഷം ജയലളിത ഒറ്റപ്പെട്ടു. അവര്‍ ആക്രമിക്കപ്പെട്ടു. പക്ഷേ അപ്പോഴും താങ്ങും തണലും ആശ്വാസവും ആയി പോയസ് ഗാര്‍ഡനില്‍ ശശികല ഒപ്പം ഉണ്ടായിരുന്നു. പനീര്‍ശെല്‍വം പോലും ജയലളിതയുടെ എതിര് ക്യാമ്പിലായിരുന്നു. ജയലളിത ആദ്യമായി അധികാരത്തിലെത്തുന്ന 1991 ല്‍ ആണ്. അന്ന് ശശികലയ്ക്ക് പ്രായം വെറും 34 വയസ്സാണ്. എന്നാല്‍ എന്താണ് മണ്ണാര്‍കുടി മാഫിയ എന്ന് ലോകത്തെ കാണിച്ച് കൊടുത്തത് ആ യൗവ്വനത്തില്‍ തന്നെ ആയിരുന്നു. ഭരണത്തില്‍ ശശികലയുടെ പങ്ക് നിര്‍ണായകമായിരുന്നത്രെ. ശശികലയുടെ മാത്രമല്ല, ഭര്‍ത്താവ് നടരാജന്റേയും ശശികലയുടെ ബന്ധുക്കളുടേയും. കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് അക്കാലയളവില്‍ മാത്രം ഇവര്‍ സ്വന്തമാക്കിയത് എന്നാണ് ആക്ഷേപം. തന്റെ മുപ്പതുകളില്‍ എത്ര സ്ത്രീകള്‍ ചെയ്തിട്ടുണ്ടാവും ഇത്തരം കാര്യങ്ങള്‍ എന്നതാണ് ശശികലയെ വ്യത്യസ്തയാക്കുന്നത്. ആ ചെയ്ത കാര്യങ്ങളുടെ പേരില്‍ ശശികലയ്ക്ക് പോയസ് ഗാര്‍ഡനില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ പുറത്തിറങ്ങേണ്ടി വന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.